ആലപ്പുഴ: മഴ ശക്തമാവുകയും, വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തതോടെ പകർച്ചവ്യാധികൾ വീണ്ടും തലപൊക്കുന്നു. ഈ മാസം മാത്രം 8 പേർക്ക് എലിപ്പനിയും, 28 പേർക്ക് ഡെങ്കിപ്പനിയും ബാധിച്ചു. വൈറൽ പനി ബാധിതരുടെ എണ്ണവും ദിനംപ്രതി വർദ്ധിക്കുകയാണ്. പനിയോ, ശരീരവേദനയോ വന്നാലുടൻ കൊവിഡ് ആണെന്ന് തെറ്റിദ്ധരിച്ച് വെപ്രാളപ്പെടുന്നവരുമുണ്ട്. എന്നാൽ കൊവിഡിന്റെ ലക്ഷണങ്ങൾ പകർച്ചപ്പനികളിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. എലിപ്പനിക്കും, ഡെങ്കിപ്പനിക്കും ശക്തമായ ശരീരം വേദനയും, നെഞ്ചിന് വേദനയും അനുഭവപ്പെടും. എന്നാൽ കൊവിഡിനാവട്ടെ നേരിയ പനി മാത്രമാണുണ്ടാവുക. മണവും, രുചിയും അറിയാനാവില്ല. ഓരോ പ്രദേശങ്ങളിലും മഴക്കാലത്തിന് മുന്നോടിയായി നടക്കേണ്ട ശുചീകരണ പ്രവർത്തനങ്ങൾ കൊവിഡ് പശ്ചാത്തലത്തിൽ പൂർണമായും നടന്നിട്ടില്ല. ഇത് രോഗ ഭീഷണി വർദ്ധിപ്പിക്കുന്നു. സ്വയം ചികിത്സ ഒഴിവാക്കി കൃത്യ സമയത്ത് ആരോഗ്യപ്രവർത്തകരുടെ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആരംഭത്തിൽ തന്നെ രോഗനിർണയം നടത്തി ചികിത്സ ഉറപ്പാക്കിയാൽ എലിപ്പനി,ഡെങ്കിപ്പനി എന്നിവയിൽ നിന്ന് വേഗത്തിൽ രോഗമുക്തി നേടാനാവും.
..................
എലിപ്പനി ബാധിതർ
ജൂലായിൽ ഇതുവരെ - 8
ഈ വർഷം ആകെ - 61
ഡെങ്കിപ്പനി ബാധിതർ
ജൂലായിൽ ഇതുവരെ - 28
ഈ വർഷം ആകെ - 176
ചിക്കൻ പോക്സ്
ജൂലായിൽ ഇതുവരെ - 19
ഈ വർഷം ആകെ - 1074
മഞ്ഞപ്പിത്തം - ആകെ - 14
വൈറൽപ്പനി - ആകെ - 29,784
......................
എല്ലാ പനിയും കൊവിഡ് ആണെന്ന് തെറ്റിദ്ധരിച്ച് ഭയപ്പെടുന്ന സാഹചര്യമുണ്ടാവരുത്. പനിയും, ശരീരവേദനയും അനുഭവപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ, ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണം. പരിസര ശുചിത്വം ഉറപ്പാക്കണം. കൈകാലുകളിൽ മുറിവുള്ളവർ അഴുക്ക് വെള്ളത്തിൽ ഇറങ്ങരുത്
- ഡോ.ബി.പത്മകുമാർ, പ്രൊഫസർ ഓഫ് മെഡിസിൻ, മെഡിക്കൽ കോളേജ് ആശുപത്രി
ലക്ഷണങ്ങൾ
എലിപ്പനി
പനി, പേശി വേദന (കാൽവണ്ണയിലെ പേശികളിൽ),തലവേദന, വയറു വേദന, ഛർദ്ദി, കണ്ണിന് ചുവപ്പ്
ഡെങ്കിപ്പനി
തലവേദനയോടുകൂടിയ ജ്വരം, ശരീരവേദന, മസിലുകളിലും സന്ധികളിലും വേദന. 5 മുതൽ 7 ദിവസം വരെയാണ് സാധാരണഗതിയിൽ പനി നീണ്ടുനിൽക്കുക. ടൈപ്പ് 2വാണ് പിടിപെട്ടിരിക്കുന്നതെങ്കിൽ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കാര്യമായി കുറയും. അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുക, വിറയൽ എന്നിവയും സംഭവിക്കാം.