 കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വഴിയോര കച്ചവടം

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളെ ഏഴയലത്ത് അടുപ്പിക്കാത്ത വഴിയോര കച്ചവടക്കാർ വല്ലാത്ത ഭീഷണിയാവുന്നു. റോഡരികിൽ വാഹനം പാർക്ക് ചെയ്തുള്ള ഭക്ഷണ വില്പനയ്ക്ക് കൊവിഡ് കാലത്തും തടസങ്ങളൊന്നുമില്ല. ഓൺലൈൻ ഭക്ഷണകേന്ദ്രങ്ങൾ കൂണുപോലെ മുളയ്ക്കുന്നുമുണ്ട്.

കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട പലരും ഓൺലൈൻ ഭക്ഷണവിതരണത്തിലേക്കെത്തിയിട്ടുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷത്തിനും ഫുഡ് ആൻഡ് സേഫ്ടി ലൈസൻസില്ല. വഴിയോരത്ത് വിൽക്കുന്ന ഭക്ഷണം എവിടെയാണ് തയാറാക്കുന്നതെന്ന് യാതൊരു അറിവുമില്ല. ഓരോ ദിവസവും ഓരോ പ്രദേശം കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്. അതിനാൽ രോഗവ്യാപനമുണ്ടായാൽ സമ്പർക്കപ്പട്ടിക തയ്യാറാക്കൽ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇത്തരം കച്ചവടക്കാർ പേരുദോഷം വരുത്തിവെച്ചാൽ അത് ഹോട്ടൽ വ്യവസായത്തെ ആകെ ബാധിക്കുമെന്ന് അംഗീകൃത വ്യാപാരികൾ പറയുന്നു. നഗരങ്ങളിൽ ചെരുപ്പ്, പാത്രം, തുണിത്തരങ്ങൾ തുടങ്ങിവയുടെ വില്പനയും വഴിയോരങ്ങൾ കേന്ദ്രീകരിച്ച് തകൃതിയായി നടക്കുന്നുണ്ട്. പല കൈകൾ തെരഞ്ഞ ഉത്പന്നങ്ങൾ ഒടുവിലൊരാൾ വാങ്ങുമ്പോൾ കൊറോണയും കൂടെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

 അന്യസംസ്ഥാനക്കാരും

തിരക്കില്ലാതായതോടെ ഹോട്ടലുകളിൽ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് തൊഴിലാളികളെത്തുന്നത്. പാചകക്കാരിലധികവും അന്യ സംസ്ഥാനക്കാരാണ്. അവധി ദിവസങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ച് ഭക്ഷണവിതരണം നടത്തുന്ന തൊഴിലാളികളുണ്ട്. മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതിനാൽ ഇവ വാങ്ങാനും ആളുകൾ തയ്യാറാകുന്നു.

 വീണുകിട്ടിയ വിടവ്

ഏതൊരു ഭക്ഷണവിതരണത്തിനും അംഗീകൃത ലൈസൻസ് വേണമെന്നിരിക്കെയാണ് അനധികൃത കച്ചവടം പൊടിപൊടിക്കുന്നത്. സമ്പർക്ക വ്യാപന ഭീഷണി കണക്കിലെടുത്ത് പല പ്രമുഖ ഭക്ഷണശാലകളും ഓൺലൈൻ വിതരണം നിറുത്തിവെച്ച സാഹചര്യത്തിലാണ് തട്ടിക്കൂട്ട് കടകൾ വിഭവങ്ങളുമായി അവതരിക്കുന്നത്.

...............................................

ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ വാഹനത്തിലുള്ള അനധികൃത ഭക്ഷണവിതരണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള കച്ചവടത്തിന് തടയിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാഭരണകൂടത്തിനും പരാതി നൽകിയിട്ടുണ്ട്

എസ്.കെ.നസീർ, ജില്ലാ പ്രസിഡന്റ്, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ