ആലപ്പുഴ : കൊവിഡ് 19 വ്യാപനം തടയാൻ അടച്ചു പൂട്ടല്ല പ്രതിരോധവും പ്രതികരണവുമാണ് വേണ്ടതെന്ന് ചേംബർ ഒഫ് കേരള സീ ഫുഡ് ഇൻഡസ്ട്രി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. നാം സ്വയം പ്രതിരോധം തീർക്കുന്നതോടൊപ്പം അതിനു തയാറാകാത്തവർക്കെതിരെ പ്രതികരിക്കുകയും വേണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിക്കാത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. ചെമ്മീൻ പീലിംഗ് സെന്ററുകളും എക്സ്പോർട്ടിംഗ് സ്ഥാപനങ്ങളും അടച്ചു പൂട്ടിയതോടെ അനുബന്ധ തൊഴിലാളികളുൾപ്പടെ ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടമായി. പീലിങ് സെന്റർ ഉടമകളും കയറ്റുമതി സ്ഥാപന ഉടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സർക്കാർ മാനദണ്ഡങ്ങളനുസരിച്ച് സുരക്ഷിത മാർഗങ്ങൾ സ്വീകരിച്ച് സ്ഥാപനങ്ങൾ വീണ്ടും തുറന്നു പ്രവർത്തിക്കാനായാൽ മാത്രമേ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകൂ.
രോഗവ്യാപനമുള്ള തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ മത്സ്യ സംസ്കരണ കയറ്റുമതി ശാലകളെല്ലാം തുറന്നു പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിന് പ്രതിവർഷം 45,000 കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന സംരംഭമാണ് മത്സ്യ സംസ്കരണ കയറ്റുമതി മേഖല. കേരളത്തിൽ നിന്ന് കയറ്റുമതിക്കാവശ്യമായ കടൽ വിഭവങ്ങളുടെ 90 ശതമാനവും സംസ്കരിച്ചു നൽകുന്നത് അരൂർ മണ്ഡലത്തിൽ നിന്നാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം വാഹനങ്ങൾ ഇവിടെയെത്തിയിട്ടും ഒരിടത്തു പോലും രോഗ വ്യാപനമുണ്ടായില്ല. സ്ഥാപനങ്ങളിൽ സ്വീകരിച്ചു പോരുന്ന മുൻ കരുതൽ മൂലമാണിത്. എഴുപുന്നയിലെ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന് ഭാര്യയുമായി ആശുപത്രി സന്ദർശനം നടത്തിയതിനാലാണ് വൈറസ് ബാധയുണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞത്. മാസ്ക്, ക്യാപ്പ്, ഗ്ലൗസ് എന്നിവ ഉപയോഗിച്ചും ജോലി തുടങ്ങുന്നതിന് മുമ്പ് സോപ്പ്, ഹാൻഡ് വാഷ് എന്നിവയുപയോഗിച്ച് കൈകഴുകിയും 20 പി.പി.എം. ക്ലോറിൻ സാനിറ്റൈസേഷൻ നടത്തി അണു വിമുക്തമാക്കിയ ശേഷവുമാണ് കയറ്റുമതി സ്ഥാപനങ്ങളും പീലിംഗ് ഷെഡുകളും പ്രവർത്തിച്ചിരുന്നത്. മുൻകരുതലുകളോടെ സർക്കാർ മാനദണ്ഡങ്ങളനുസരിച്ച് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനായില്ലെങ്കിൽ പട്ടിണി മരണങ്ങളാകും അതിന്റെ പരിണിത ഫലമെന്നും യോഗം വിലയിരുത്തി. മാനദണ്ഡങ്ങളനുസരിച്ച് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജെ.ആർ. അജിത് അദ്ധ്യക്ഷനായി.