ഹരിപ്പാട്: ചിങ്ങോലിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ചിങ്ങോലി പതിനൊന്നാം വാർഡ് നെടിയാത്ത് പുത്തൻവീട്ടിൽ പരേതനായ വിക്രമന്റെ മകൻ ജയറാമാണ് (30) ഞായറാഴ്ച രാത്രി ഏഴരയോടെ ചിങ്ങോലി വായനശാല ജംഗ്ഷന് സമീപം കുത്തേറ്റ് മരിച്ചത്.

ജയറാമിനൊപ്പം നിർമ്മാണ തൊഴിൽ ചെയ്തിരുന്ന ചിങ്ങോലി തറവേലിക്കകത്ത് വീട്ടിൽ ഹരീഷ് (30), കലേഷ് ഭവനത്തിൽ കലേഷ് (29) എന്നിവരാണ് പ്രതികൾ. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ജയറാമും പ്രതികളും ചിങ്ങോലിയിലുള്ള കോൺട്രാക്ടർക്കൊപ്പമാണ് ജോലി ചെയ്യുന്നത്. പ്രതികൾ അടുത്തിടെയാണ് ഈ കോൺട്രാക്ടർക്കൊപ്പമെത്തിയത്. ഇതോടെ തന്നെ ജോലിക്ക് വിളിക്കുന്നില്ലെന്ന പേരിൽ കോൺട്രാക്ടറും ജയറാമും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി പറയുന്നു. ഇതിന്റെ വൈരാഗ്യത്തിനാണ് പ്രതികൾ ജയറാമിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇടതു തുടയിൽ ആഴത്തിൽ കുത്തേറ്റ ജയറാം അരമണിക്കൂറോളം റോഡിൽ രക്തം വാർന്നുകിടന്നു. ഗ്രാമ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരീലക്കുളങ്ങര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു, ഡിവൈ.എസ്.പി അലക്സ് ബേബി എന്നിവർ സ്ഥലത്തെത്തിയിരുന്നു. ജയറാമിന്റെ മൃതദേഹം കൊവിഡ് ടെസ്റ്റിന് ശേഷം ആലപ്പുഴ മെഡി. ആശുപത്രിയിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തും.