അമ്പലപ്പുഴ: ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണ പുരോഗതി എ. എം. ആരിഫ് എം. പി. വിലയിരുത്തി. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് വണ്ടാനം കുറവൻതോട് ജംഗ്ഷന് പടിഞ്ഞാറ് പൂർത്തിയാകുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എം.പിയെത്തിയത്. ഇതിന്റെ പൂർത്തീകരണത്തിന് ഇനിയും പത്തു കോടി രൂപ ആവശ്യമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ പണം വേഗത്തിൽ അനുവദിച്ചു കിട്ടാൻ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സമ്മർദം ചെലുത്തുമെന്ന് എം.പി പറഞ്ഞു. കോവിഡ് പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്നും മന്ത്രി ജി. സുധാകരന്റെ ശക്തമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായതായും എം. പി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. വി. രാംലാൽ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല നിർവ്വഹിക്കുന്ന ഡോ. എ. പി. സുഗുണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.