രോഗ ബാധിതരുടെ ആകെ എണ്ണം 72
കായംകുളം : ഇന്നലെ എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്തെ രോഗ ബാധിതരുടെ ആകെ എണ്ണം 72 ആയി. കായംകുളം നഗരസഭയിൽ സൂപ്പർ സ്‌പ്രെഡിന് സാദ്ധ്യതയുണ്ടെന്നാണ് നഗരസഭയുടെ വിലയിരുത്തൽ.
മത്സ്യ വ്യാപാര മേഖലുമായി ബന്ധപ്പെട്ടവരാണ് ഇന്നലെ രോഗം ബാധിച്ച ഏഴു പേരും. മത്സ്യ വ്യാപാരിയും ഭാര്യയും മകനും ഇതിൽ ഉൾപ്പെടും. ഗൾഫിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിഞ്ഞയാളാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതും സമ്പർക്കപ്പട്ടിക ആശങ്കാജനകമായി ഉയരുന്നതും കാരണം സ്ഥിതിഗതികൾ അതീവ സങ്കീർണ്ണമാണെന്നും, ജനങ്ങൾ കടുത്ത നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഗുരുതരമായ സാഹചര്യത്തിലേക്ക് പട്ടണം പോകുമെന്നും നഗരസഭാ ചെയർമാൻ എ.ശിവദാസൻ മുന്നറിയിപ്പ് നൽകി. 500 ഓളം പേരുടെ റിസൾട്ടാണ് ഇനിയും ലഭിക്കാനുള്ളത്.
താലൂക്ക് ആശുപത്രിയുടെ സമീപമുള്ള 2 ഓഡിറ്റോറിയങ്ങളിലായി കൊവിഡ് ചികിത്സക്കായി 200 കിടക്കകൾ തയ്യാറാക്കുന്ന നടപടി പൂർത്തിയായി. താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി റൂമിന് മുകളിൽ നാലാം നിലയിൽ 100 കിടക്കകൾ അടിയന്തരമായി സജ്ജീകരിക്കും. നഗരത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 8 മുതൽ 11വരെ പ്രവർത്തിപ്പിക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന മൊത്തവ്യാപാര സ്ഥാപനങ്ങളിൽ നിലവിൽ സ്റ്റോക്ക് ചെയ്തിട്ടുള്ള സാധനങ്ങൾ വിറ്റഴിക്കുന്നതിന് എല്ലാ ബുധനാഴ്ചയും രാവിലെ 7മുതൽ 11 മണിവരെ തുറക്കാം. നഗരസഭയിലെ ആശാവർക്കർമാർക്ക് യൂണിഫോമും, ഷീൽഡും, സുരക്ഷാ ഉപകരണങ്ങളും നൽകുന്നതിനും ഇന്ന്ലെചേർന്ന നഗരസഭാ കൊവിഡ് -19 മോണിറ്ററിംഗ് കമ്മറ്റി തീരുമാനിച്ചു.
ആന്റിജൻ ടെസ്റ്റ് നടത്തും
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെന്ററിൽ 200 ബെഡുകൾ സജ്ജീകരിച്ചു.
അതിതീവ്രമേഖലയിൽ എല്ലാവർക്കും ആന്റിജൻ ടെസ്റ്റ് നടത്തും
4,6,7,9,43 അതിതീവ്ര ജാഗ്രതാ വാർഡുകൾ
ആയുർവ്വേദ, ഹോമിയോ പ്രതിരോധ മരുന്നുകൾ എല്ലാ വീടുകളിലും എത്തിക്കും
ജനങ്ങൾ നിർബന്ധമായും വീടുകളിൽ തന്നെ കഴിയണം