ഹരിപ്പാട്: തിരുവോണനാളിലെ പായിപ്പാട് ജലോത്സവം ഇക്കുറി ചടങ്ങിലൊതുങ്ങും. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ ലബ്ധി ചരിത്രവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന അതിപുരാതനമായ ജലോത്സവം തിരുവോണ ദിവസം ആചാരപ്രകാരമുള്ള ക്ഷേത്രദർശനം മാത്രമായി നടത്തും.
കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സമിതിയുടെ എക്സിക്യുട്ടീവും പൊതുയോഗവും ചേരാൻ കഴിയാത്ത സാഹചര്യത്തിൽ സമിതി ഭാരവാഹികൾ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. തിരുവോണ ദിവസം രാവിലെ സമിതി ഭാരവാഹികളും കരപ്രതിനിധികളും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും, സാമൂഹിക അകലവും പാലിച്ച് ക്ഷേത്രദർശനം നടത്തും. സമിതി വൈസ് ചെയർമാൻ സി.ശ്രീകുമാർ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.കാർത്തികേയൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വൈസ് ചെയർമാൻ ബെന്നി മാത്യൂസ്, ട്രഷറർ ബി.രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി ടി.മുരളി, കോ - ഓർഡിനേറ്റർമാരായ പ്രണവം ശ്രീകുമാർ, എ.സന്തോഷ് കുമാർ, റെയ്സ് കൺവീനർ ആർ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.