ഹരിപ്പാട്: മൂന്നു ദിവസമായി തുടരുന്ന കടൽക്ഷോഭത്തിൽ ആറാട്ടുപുഴയിൽ വ്യാപക നാശനഷ്ടം. കഴിഞ്ഞ ദിവസത്തേക്കാൾ രൂക്ഷമായിരുന്നു ഇന്നലെ കടലാക്രമണം. മംഗലം മുതൽ വലിയഴീക്കൽ വരെയുളള എല്ലാ ഭാഗങ്ങളിലും കടൽവെള്ളം തീരത്തേക്ക് അടിച്ചു കയറി. തീരദേശ റോഡും കടന്ന് കടൽവെള്ളം കിഴക്കോട്ട് ഒഴുകി. പെരുമ്പള്ളി ജംഗ്ഷന് വടക്ക് തീരദേശ റോഡ് മുറിഞ്ഞു. നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി. നൂറുകണക്കിന് വീടുകൾ വെളളത്തിൽ മുങ്ങി. അടിച്ചുകയറിയ വെളളം വീടുകളിൽ കെട്ടിക്കിടക്കുകയാണ്. ആറാട്ടുപുഴയിലെ മാവേലി സ്റ്റോർ ഉൾപ്പെടെയുളള കടകളിൽ വെളളം കയറി. മാവേലി സ്റ്റോറിലെ സാധനങ്ങൾ വേറൊരു സ്ഥലത്തേക്ക് മാറ്റി. തീരദേശ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. റോഡിൽ മണൽ അടിഞ്ഞു ഇരുചക്ര വാഹന യാത്ര പോലും കഴിയാത്ത സ്ഥിതിയാണ്. മംഗലം ജംഗ്ഷനിൽ നാട്ടുകാർ റോഡ് അടച്ചിട്ടു. രാമഞ്ചേരി ഭാഗത്ത് തൂൺ നിലം പൊത്തിയതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. നല്ലാണിക്കലും വട്ടച്ചാലുമാണ് കടൽ കയറ്റം രൂക്ഷം. കഴിഞ്ഞ ദിവസം ഇവിട രണ്ട് വീടുകൾ തകർന്നിരുന്നു. തൃക്കുന്നപ്പുഴ തീരദേശ റോഡിൽ മണലും പാറകളും നിരന്ന് കിടക്കുകയാണ്. പെരുമ്പള്ളിയിൽ റോഡിലെ ടാർ പൂർണമായും ഇളകി മാറി റോഡ് രണ്ടായി മുറിഞ്ഞു.