photo

 ഇടക്കുന്നം, പുതുപ്പള്ളിക്കുന്നം മേഖലയിൽ നായശല്യം രൂക്ഷം

ചാരുംമൂട്: നൂറനാട് പഞ്ചായത്തിലെ ഇടക്കുന്നം, പുതുപ്പള്ളിക്കുന്നം മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. തെരുവുനായ്ക്കൾ കൂട്ടം ചേർന്ന് വളർത്തു മൃഗങ്ങളെയും മനുഷ്യരെയും ഉൾപ്പെടെ ആക്രമിക്കാൻ തുടങ്ങിയത് ഭീഷണിയാവുന്നു.

കൂട്ടമായി എത്തുന്ന നായ്ക്കൾ ബൈക്ക് യാത്രക്കാരെ വലയ്ക്കുകയാണ്. പ്രദേശങ്ങളിലെ നിരവധി കോഴികളെ കടിച്ചു കൊന്ന നായ്ക്കൾ ആടുകളെയും ആക്രമിക്കാൻ തുടങ്ങിയത് ആശങ്കയുണ്ടാക്കുന്നു. ഇന്നലെ ഇടക്കുന്നം മുളളംകുറ്റിയിൽ സുരേഷിന്റെ വീട്ടിലെ രണ്ടു ആടുകളെ നായകൾ കടിച്ചു മുറിച്ചു. ഇന്നലെത്തന്നെ മുളളംകുറ്റിയിൽ കിഴക്കതിൽ സതീഷ് കുമാറിന്റെ 8 വയസുള്ള മകൻ ശ്രീറാമിനെ തെരുവ്നായ്ക്കൾ ആക്രമിക്കാൻ ഓടിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ പരിസരവാസികളാണ് രക്ഷിച്ചത്.
അക്രമകാരികളായ നായ്ക്കളുടെ ശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

..................................

ലോക്ക് ഡൗൺ കാരണം പ്രദേശത്തെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചത് നായ്ക്കൾക്കു ഭക്ഷണ ദൗർലഭ്യം ഉണ്ടാക്കുന്നുണ്ട്. അക്രമകാരികളായ നായ്ക്കളെ പിടികൂടാനുള്ള നടപടി പഞ്ചായത്ത് അധികൃതരിൽ നിന്ന് ഉണ്ടാകണം

ഷാൽ എസ്.വിസ്മയ, പ്രദേശവാസി