ആലപ്പുഴ: തീരദേശത്ത് കടലാക്രമണം മുൻകാലങ്ങളിലേക്കാൾ രൂക്ഷമായതിന് കാരണം തോട്ടപ്പള്ളിയിൽ സർക്കാർ നടത്തിയ അശാസ്ത്രയവും അനിയന്ത്രിതവുമായ കരിമണൽ ഖനനമാണെന്ന് ഡി.സി.സി പ്രസിഡൻറ് എം.ലിജു ആരോപിച്ചു. തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്ന് യാതൊരു പരിസ്ഥിതി ആഘാത പഠനവും നടത്താതെ ലക്ഷക്കണക്കിന് ടൺ മണൽ കടത്തികൊണ്ടുപോയതു കാരണം സമീപ പഞ്ചായത്തുകളായ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലും പുറക്കാട്, അമ്പലപ്പുഴ മേഖലകളിലും മുൻ കാലങ്ങളിലില്ലാത്തവിധം അതി രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായിരിക്കുന്നത്. കടലാക്രമണ പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ കടൽ ഭിത്തി നിർമ്മാണം നടത്തണമെന്നും ലിജു ആവശ്യപ്പെട്ടു.