pushkala

ആലപ്പുഴ: മലയാള സിനിമയിലെ ദുഖഃപുത്രിയായിരുന്ന ജലജയുടെ പകരക്കാരിയായിട്ടാണ് പുഷ്ക്കല പ്രൊഫണൽ നാടകരംഗത്തേക്ക് വരുന്നത്. വി.ഡി.ശിവാനന്ദനും സഹോദരനും ചേർന്ന് തുടങ്ങിയ ആലപ്പുഴ അശ്വതി തിയേറ്റേഴ്സിന്റെ 'അഗ്നിവർഷം' എന്ന നാടകത്തിലെ വേഷം വിട്ട് ജലജ സിനിമയിലേക്ക് ചേക്കേറിയപ്പോഴാണ്, കരുവാറ്റ സ്വദേശിനി പുഷ്ക്കലയ്ക്ക് നറുക്കു വീഴുന്നത്.

പുഷ്ക്കലയുടെ നാടക ജീവിതം ദുഃഖപുത്രി വേഷത്തിലൊതുങ്ങിയില്ല. മോഡേൺ വേഷങ്ങളിലും കുടുംബ വേഷങ്ങളിലും തന്മയത്വമാർന്ന അഭിനയത്തികവ് കാട്ടിയ അവർ, എൺപതുകളിൽ മലയാള നാടകരംഗത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന നായികയായി. അഗ്നിവർഷത്തിലെ അഭിനയ കാലത്ത് പരിചയപ്പെട്ട വി.ഡി.ശിവാനന്ദൻ ജീവിത പങ്കാളിയായതോടെ ഇരുവരും ഒരുമിച്ചായി നാടകങ്ങളിലെ അഭിനയം.

രണ്ട് നാടകങ്ങൾക്ക് ശേഷം അശ്വതി തിയേറ്റേഴ്സ് അവതരണം നിറുത്തിയപ്പോൾ, കൊല്ലം യൂണിവേഴ്സൽ തിയേറ്റേഴ്സിലായി. കൊല്ലം ഉപാസന, എസ്.എൽ പുരം സൂര്യസോമ, തിരുവനന്തപുരം അതുല്യ, സൗപർണിക, കൊല്ലം അസീസി, കൊച്ചിൻ മഹാത്മ, കാഞ്ഞിരപ്പള്ളി അമല, ഓച്ചിറ നിള തുടങ്ങി കേരളത്തിലെ പ്രമുഖ സമിതികളിലെല്ലാം ഇരുവരും അഭിനയിച്ചു. പിന്നീട് ശിവാനന്ദനും പുഷ്ക്കലയും ചേർന്ന് സിന്ധുഗംഗ തിയേറ്റേഴ്സ് തുടങ്ങി അഗ്നിവർഷം വീണ്ടും അവതരിപ്പിച്ചു.

വിഖ്യാത റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ 'അന്നാ കരനീന' തിരുവനന്തപുരം അതുല്യ പി.കെ. വേണുക്കുട്ടൻ നായരുടെ സംവിധാനത്തിൽ നാടകമാക്കാൻ തീരുമാനിച്ചപ്പോൾത്തന്നെ നായിക പുഷ്ക്കലയെന്ന് പ്രഖ്യാപിച്ചു. തീരുമാനം തെറ്റിയില്ല, അക്കൊല്ലത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം പുഷ്ക്കലയുടെ കൈകളിലെത്തി. തൃശൂർ യമുന തിയേറ്റേഴ്സ് ഷേക്സിപയറുടെ 'ഒഥല്ലോ' നാടകമാക്കിയപ്പോൾ ഡെസ്ഡമണായതും പുഷ്ക്കലയാണ്. കൊല്ലം അസീസിയുടെ തോടയത്തിൽ 70ന് അടുത്ത മുത്തശ്ശിയായും അടുത്ത നിമിഷത്തിൽ ജീൻസും ടോപ്പും ധരിച്ചെത്തുന്ന മോഡേൺ പെൺകുട്ടിയായും പുഷ്ക്കല നടത്തിയ പകർന്നാട്ടം നാടക പ്രേമികൾ അത്ഭുതത്തോടെയാണ് കണ്ടത്.

 'കന്യക'യിലൂടെ സിനിമയിൽ

ശശികുമാറിന്റെ കന്യക എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. വിനയൻ, രാജസേനൻ,ആലപ്പി അഷ് റഫ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലാണ് അധികവും അഭിനയിച്ചത്. വിനയന്റെ രാക്ഷസരാജാവിലേതായിരുന്നു ഏറ്റവും മികച്ച കഥാപാത്രം. നിരവധി നാടക മത്സരങ്ങളിൽ ജേതാവായ പുഷ്ക്കലയെ കേരള സംഗീത നാടക അക്കാഡമിയും ആദരിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ട് കേരള പ്രൊഫഷണൽ നാടക രംഗത്ത് നിറഞ്ഞു നിന്ന കലാകാരിയാണ് വിടവാങ്ങിയത്.