ചാരുംമൂട് : ലാർജ് ക്ലസ്റ്റർ കണ്ടെയിൻമെന്റ് സോണായ താമരക്കുളം,നുറനാട്, പാലമേൽ ഗ്രാമ പഞ്ചായത്തുകളിലുൾപ്പെടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാകുന്നു. താമരക്കുളത്ത് തമ്പുരാൻ ആഡിറ്റോറിയം, നൂറനാട്ട് ശ്രീബുദ്ധ എൻജിനീയറിംഗ് കോളേജ് ആഡിറ്റോറിയം, പാലമേൽ പഞ്ചായത്തിൽ അർച്ചനാ എൻജിനിയറിംഗ് കോളജ് ആഡിറ്റോറിയം എന്നിവയാണ് സെന്ററുകളായി നിർദ്ദേശിച്ചിട്ടുള്ളത്. ചുനക്കര ഗ്രാമപഞ്ചായത്തിൽ കോമല്ലൂരിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പാരിഷ് ഹാളാണ് സജ്ജീകരിക്കുക.
നൂറനാട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സെന്ററിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കട്ടച്ചിറ എൻജിനീയറിംഗ് കോളേജിലും, ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി കോളേജിലുമായി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 22 ഐ.റ്റി.ബി.പി ഉദ്യോഗസ്ഥരുടെ സ്രവ സാമ്പിൾ ഇന്നലെ ശേഖരിച്ചു. ചുനക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രദേശത്ത് ക്വാറന്റൈനിലുള്ളവരും, പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള വരുമായ 53 പേർക്ക് റാപ്പിഡ് ടെസ്റ്റ് നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.