ആലപ്പുഴ: നാടക - സിനിമ- സീരിയൽ നടി കളപ്പുര അശ്വതി വീട്ടിൽ പുഷ്കല ശിവാന്ദൻ (60) നിര്യാതയായി. നാടക, സിനിമാ നടൻ വി.ഡി.ശിവാനന്ദന്റെ ഭാര്യയാണ്. 30ലധികം നാടകങ്ങളിൽ വേഷമിട്ടു. പി.കെ. വേണുക്കുട്ടൻ നായർ സംവിധാനം ചെയ്ത അന്ന കരനീനയിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
കരുവാറ്റ സ്വദേശിനിയായ പുഷ്കല സ്കൂൾ വിദ്യാഭ്യാസ ശേഷമാണ് നാടകരംഗത്തേക്ക് എത്തുന്നത്. നൃത്ത,സംഗീത നാടകങ്ങളിലായിരുന്നു തുടക്കം. 1980 കളുടെ തുടക്കത്തിൽ കൊല്ലം യൂണിവേഴ്സൽ തിയേറ്രേഴ്സിന്റെ നാടകത്തിലൂടെയാണ് പ്രൊഫണൽ നാടകരംഗത്ത് സജീവമാകുന്നത്. തുടർന്ന് എസ്.എൽ.പുരം സൂര്യസോമ,കൊല്ലം ഉപാസന, തിരുവനന്തപുരം അതുല്യ, സൗപർണിക, കൊച്ചിൻ മഹാത്മ,കാഞ്ഞിരപ്പള്ളി അമല തുടങ്ങി കേരളത്തിലെ എണ്ണം പറഞ്ഞ നാടക സമിതികളിൽ അഭിനയിച്ചു.
ഭർത്താവ് വി.ഡി.ശിവാനന്ദന്റെ ഉടമസ്ഥതയിൽ സമിതി തുടങ്ങിയതോടെ അതിലെ സ്ഥിരം അഭിനേത്രിയായി. 10,000ത്തിലധികം വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. അഞ്ചു വർഷത്തിന് മുമ്പ് ശാരീരികമായ അസുഖത്തെ തുടർന്ന് അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു.വിനയന്റെ മിക്ക ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കലാകാരന്മാരുടെ സംഘടനയായ സവാക്കിന്റെ സ്ഥാപക ഭാരവാഹിയുമാണ്.മക്കൾ: സേതുലക്ഷ്മി, ശ്രീലക്ഷ്മി മരുമകൻ: സനൽ. സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി.