തുറവുർ: കൊവിഡ് വ്യാപനത്തിന്റെ പിടിയിലമർന്ന തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമായത് ഇരട്ടി ദുരിതമായി.

പള്ളിത്തോട് ചാപ്പക്കടവ് മുതൽ അന്ധകാരനഴി വരെയുള്ള ഭാഗങ്ങളിലാണ് 3 ദിവസമായി കടലാക്രമണം ശക്തമായത്. കടൽഭിത്തി കടന്ന് അടിച്ചു കയറുന്ന വെള്ളം മുറ്റത്ത് നിറഞ്ഞതോടെ നിരവധി കുടുംബങ്ങൾക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി. മിക്ക കുടുംബങ്ങളും കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്വാറന്റൈനിലാണ്. ഇന്നലെ ഉച്ചയോടെ ചാപ്പക്കടവ് മത്സ്യ ഗ്യാപ്പിലേക്ക് വെള്ളം ഇരച്ചുകയറി. ഗ്യാപ്പിൽ കയറ്റി വച്ചിരുന്ന ഡസൻ കണക്കിന് വള്ളങ്ങൾ വെള്ളത്തിൽ ഒഴുകി നടന്നു. ശക്തമായ തിരമാലയിൽ വള്ളങ്ങൾ കൂട്ടിയിടിച്ച് നാശനഷ്ടവുമുണ്ടായി. കടൽഭിത്തി പലേടത്തും തകർന്ന് കിടക്കുന്നതാണ് തീരവാസികൾക്ക് ദുരിതമാകുന്നത്. മണൽ നിറച്ച ചാക്കുകൾ നിരത്തി തടയിടാൻ പഞ്ചായത്ത് - റവന്യു അധികൃതർ ശ്രമമാരംഭിച്ചു.

ചാപ്പക്കടവിന് വടക്ക് ചെല്ലാനം ഭാഗത്തും രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്.തീരദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി. കടൽഭിത്തി താഴ്ന്ന് കിടക്കുന്ന പ്രദേശങ്ങളിലും അതിശക്തമായാണ് തിരമാല കരയിലേക്കു കയറിയത്. കൊവിഡ് ബാധിത മേഖലയായതിനാൽ ഉദ്യോഗസ്ഥർ എത്താത്തത് പ്രതിക്ഷേധത്തിനു കാരണമായിട്ടുണ്ട്.