അമ്പലപ്പുഴ: സർക്കാർ അധീനതയിലുള്ള മണൽ രാത്രിയുടെ മറവിൽ വിൽപ്പനക്കായി കടത്തിക്കൊണ്ടു പോയയാളെ പൊലീസ് പിടികൂടി. തോട്ടപ്പള്ളി സ്വദേശി അനിൽ കുമാറിനെയാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. ദേശീയ ജലപാതയുടെ ആഴം കൂട്ടി ഒഴുക്കു സുഗമമാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത മണലാണ് വിൽപ്പനക്കായി കടത്തിയത്. വർഷങ്ങളായി വിദേശത്ത് ജോലി ചെയ്തിരുന്ന അനിൽകുമാർ നാട്ടിലെത്തിയശേഷം വിലക്കു വാങ്ങിയ പുരയിടത്തിലാണ് മണൽ കൂട്ടിയിരുന്നത്. ഈ മണൽ കഴിഞ്ഞ കുറ ദിവസങ്ങളായി അനിൽകുമാർ വിൽപ്പന നടത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മണൽ കടത്താനുപയോഗിച്ച ലോറിയുൾപ്പെടെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് പിഴ ഈടാക്കിയശേഷം വിട്ടയച്ചതായി പൊലീസ് പറഞ്ഞു.