ചേർത്തല: ചേർത്തല താലൂക്ക് കണ്ടെയിൻമെന്റ് സോണായി ഒരാഴ്ച കൂടി തുടരണമെന്ന് മന്ത്രി പി.തിലോത്തമന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കളക്ടറോട് ശുപാർശ ചെയ്തു. സമ്പർക്കരോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ 11നാണ് താലൂക്ക് മുഴുവനായി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. രോഗവ്യാപനം കൂടിയ തീരപ്രദേശത്ത് നിയന്ത്റണങ്ങൾ കർശനമാക്കാനും തീരുമാനിച്ചു.
തീരദേശത്ത് നിയന്ത്റണങ്ങൾ മറികടന്ന് ആളുകൾ സംഘം ചേരുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അവിടെ പൊലീസ് പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.നിലവിൽ തീരദേശത്ത് 23 വരെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.
കടകളിലെ തിരക്ക് ഒഴിവാക്കുന്നതിനും ജനങ്ങളുടെ സൗകര്യത്തിനുമായി കടകൾ തുറക്കുന്ന സമയം രണ്ടുമണിവരെ നീട്ടണമെന്നും,സഹകരണബാങ്കുകൾക്കുൾപ്പെടെയുള്ള ബാങ്കുകൾക്ക് രണ്ടുമണിവരെ പ്രവർത്തനാനുമതി നൽകണമെന്ന നിർദ്ദേശവും യോഗത്തിലുയർന്നു.താലൂക്കിലെ കയ​റ്റുമതി സ്ഥാപനങ്ങൾ അടക്കമുള്ള തൊഴിൽ സ്ഥാപനങ്ങൾ എല്ലാതരം നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചു തുറന്നു പ്രവർത്തിക്കാൻ കളക്ടർക്ക് രേഖാമൂലം അപേക്ഷ നൽകാനും തീരുമാനിച്ചു.കടരക്കരപ്പള്ളി,ചേർത്തല തെക്ക്,പട്ടണക്കാട് പഞ്ചായത്തുകളിൽ പരിശോധന കർശനമാക്കണമെന്ന നിർദ്ദേശവും യോഗം ഉന്നയിച്ചു.മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,തഹസിൽദാർ ആർ.ഉഷ,ആശുപത്രി സൂപ്രണ്ട് തുടങ്ങിയവർ പങ്കെടുത്തു.

താലൂക്ക് ആശുപത്രിയിൽ ജനറൽ ഒ.പി ഇന്നുമുതൽ

ഡോക്ടർക്കും ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രവർത്തനം നിർത്തിയ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ജനറൽ ഒ.പി ഇന്ന് മുതൽ പ്രവർത്തിക്കും. ഡോക്ടർമാർക്കടക്കം 52ജീവനക്കാർക്ക് നടത്തിയ സ്രവ പരിശോധനാഫലം നെഗ​റ്റീവായ സാഹചര്യത്തിലാണ് ജനറൽ ഒ.പിയും പുനരാരംഭിക്കുന്നത്.

കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥന് കൊവിഡ്

കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു.ഇയാളോടൊപ്പം ജോലിക്ക് ഹാജരായ 12 ജീവനക്കാരെ ക്വാറൻന്റൈനിലാക്കി. തിരുവന്തപുരം സ്വദേശിയായ മെക്കാനിക്കൽ എൻജിനിയർക്കാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ 9നാണ് ഇയാൾ ഇവിടെ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.