മാവേലിക്കര: കൊവിഡ് സ്ഥിരീകരിച്ച ഭരണിക്കാവ് പഞ്ചായത്ത് ജീവനക്കാരൻ പാൽ നൽകാൻ എത്തിയതിനെ തുടർന്നു മാവേലിക്കര പാൽ സൊസൈറ്റി താൽക്കാലികമായി അടച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് വടക്കായി പ്രവർത്തിക്കുന്ന മിൽമയുടെ മിൽക് സൊസൈറ്റി ആണ് അണുനശീകരണം നടത്തുന്നതിനായി അടച്ചിട്ടത്.

പുന്നംമൂട് സ്വദേശിയായ ഭരണിക്കാവ് പഞ്ചായത്തിലെ ജീവനക്കാരൻ 3 ദിവസം പാൽ നൽകുന്നതിന് സൊസൈറ്റിയിൽ എത്തിയിരുന്നു. ഞായറാഴ്ച വൈകിട്ട് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരമറിഞ്ഞ സൊസൈറ്റി അധികൃതർ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു. സൊസൈറ്റിയിലെ 3 ജീവനക്കാർ ക്വാറന്റൈനിൽ പോയി. മറ്റു കേന്ദ്രങ്ങളിലെ ജീവനക്കാരെ ഉപയോഗിച്ച് നാളെ മുതൽ സൊസൈറ്റി തുറന്ന് പ്രവർത്തിപ്പിക്കും.