ഹരിപ്പാട്: കരുവാറ്റ പഞ്ചായത്ത് ഒമ്പതാം വാർഡ് വട്ടത്തറയിൽ റിട്ട. കേണൽ ഗോപാലകൃഷ്ണന്റെ വീട്ടിൽ നടന്ന മോഷണത്തിൽ 15,000 രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

ഗോപാലകൃഷ്ണനും ഭാര്യ ശ്രീകുമാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മേശയുടെ അടിയിൽ സൂക്ഷിച്ചിരുന്ന ബാഗ് കിടപ്പുമുറിയുടെ ജനൽ തുറന്നു കമ്പ് ഉപയോഗിച്ച് കൈക്കലാക്കുകയായിരുന്നു. ഇതിനുള്ളിൽ ഉണ്ടായിരുന്ന പേഴ്സിലാണ് പണം സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരത്ത് താമസക്കാരായ ഇവർ കുടുംബവീട്ടിൽ വല്ലപ്പോഴുമാണ് എത്താറുള്ളത്. ഹരിപ്പാട് പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ദ്ധർ, ഫോറൻസിക്, ഡോഗ് സ്ക്വാഡ് എന്നിവർ തെളിവുകൾ ശേഖരിച്ചു. ഏതാനും ആഴ്ചകൾക്കു മുമ്പാണ് കരുവാറ്റയിലെ മറ്റൊരു വീട്ടിൽ കിടപ്പുമുറിയുടെ ജനാല തുറന്നു വീട്ടമ്മയുടെ സ്വർണമാല അപഹരിച്ചത്. ഈ കേസിലെ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.