ചേർത്തല:വേമ്പനാട്ടു കായലിൽ പുത്തൻകായലിന് സമീപം ചൂണ്ടയിടാൻ പോയ യുവാക്കൾ സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരാളെ കാണാതായി.മൂന്നു പേർ രക്ഷപെട്ടു.തണ്ണീർമുക്കം കണ്ണങ്കര തകിടിവെളിയിൽ സത്യന്റെയും സുധർമ്മയുടെയും മകൻ സുജിത്തി( 25)നെയാണ് കാണാതായത്. 12-ാം വാർഡ് തകിടിവെളി സാജു(44),10-ാം വാർഡിൽ കളത്തിൽ അരുൺപ്രസാദ്(28),മുഹമ്മ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ മുല്ലശേരി വീട്ടിൽ വപിൻ കൃഷ്ണ(26) എന്നിവരാണ് രക്ഷപെട്ടത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം. സുഹൃത്തുക്കളായ ഇവർ കായലിൽ ചൂണ്ടയിടാൻ പോയ വഴിയാണ് പുത്തൻ കായലിന് സമീപം അപകടത്തിൽപ്പെട്ടത്. കാറിലും കോളിലും പെട്ട് വള്ളം മറിയുകയായിരുന്നു. നാലുപേരും വള്ളത്തിൽ പിടിച്ചു കിടന്ന് സഹായത്തിനായി ഉച്ചത്തിൽ നിലവിളക്കുന്നതിനിടെ സുജിത്ത് അൽപ്പം അകലെയുള്ള പുത്തൻകായൽ തുരുത്തിലേയ്ക്ക് നീന്തി.എന്നാൽ രക്ഷപെടാനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ടു.മറ്റുള്ളവർ വള്ളത്തിൽ തന്നെ പിടിച്ചു കിടന്നു.ഇവരുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് തുരുത്തിലുണ്ടായിരുന്നവർ വള്ളങ്ങളിലെത്തി ഇവരെ കരക്കെത്തിക്കുകയായിരുന്നു. അഗ്നിശമനസേനയും പ്രദേശവാസികളും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല.അവിവാഹിതനായ സുജിത്ത് സ്വകാര്യ ബസിലെ ജീവനക്കാരനാണ്.