ആലപ്പുഴ : തുടർച്ചയായ നാലാം ദിവസവും ജില്ലയുടെ തീരത്ത് കടലാക്രമണത്തിന് ശമനമില്ല. മൂന്ന് വീടുകൾ പൂർണ്ണമായും 200 വീടുകൾ ഭാഗികമായും തകർന്നു. ആയിരത്തിൽ അധികം വീടുകൾ കടൽവെള്ളത്തിൽ മുങ്ങി. 400വീടുകൾ ഏതുസമയവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. ആറാട്ടുപുഴ പഞ്ചായത്തിന്റെ തെക്കൻ പ്രദേശങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളുടെ തീരത്താണ് ഇന്നലെയും കടലാക്രമണം അനുഭവപ്പെട്ടത്. നിരവധി തെങ്ങുകൾ കടപുഴികി . പെരുമ്പള്ളിയിൽ തീരദേശ റോഡ് രണ്ടായി മുറിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
അമ്പലപ്പുഴ താലൂക്കിൽ ഏറെ നാശം വിതച്ചത് പുറക്കാട് പഞ്ചായത്തിലാണ്. പുറക്കാട് പഞ്ചായത്ത് ഒന്ന്, 13മുതൽ 18വരെയുള്ള വാർഡുകളിൽ കടൽകയറ്റം രൂക്ഷമായി തുടരുകയാണ്. വീട് പൂർണ്ണമായും തകർന്ന പുതുവൽ വീട്ടിൽ കമലമ്മയെ മാറ്റി താമസിപ്പിക്കാനുള്ള നടപടി സ്വീകരിച്ചു. താലൂക്കിലെ കടലാക്രമണ പ്രദേശങ്ങൾ തഹസീൽദാർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
ചേർത്തല താലൂക്കിൽ ഒറ്റമശ്ശേരി, പള്ളിത്തോട്, അരൂർ, തുറവൂർ, കാട്ടൂർ എന്നിവടങ്ങളിലാണ് കടൽകയറ്റം ശക്തം.