s

 ബോർമ മേഖലയിൽ പ്രതിസന്ധി

ആലപ്പുഴ: കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ബോർമകൾ അടച്ചതോടെ ബ്രെഡ്, ബൺ വിപണി പ്രതിസന്ധിയിൽ. ആശുപത്രികളിലെ വിതരണവും അവതാളത്തിലായി. പരമാവധി ആറ് ദിവസം മാത്രമാണ് ഇവയുടെ ആയുസ്. ആലപ്പുഴ നഗരത്തിലെ ബോർമകളിൽ നിന്നുള്ള വാഹനങ്ങൾക്ക് ചേർത്തല, കായംകുളം പ്രദേശങ്ങളിലേക്ക് പ്രവേശിക്കാനാവുന്നില്ല. ഇതോടെ കച്ചവടം പകുതിയിലേറെ ഇടിഞ്ഞു. ഉത്പാദനം വെട്ടിച്ചുരുക്കിയിരിക്കുകയാണ് മിക്ക കേന്ദ്രങ്ങളും.

ഗതാഗത സംവിധാനങ്ങൾ സുഗമമല്ലാത്തതിനാൽ ബ്രെഡ് ഉത്പാദനത്തിനുള്ള അവശ്യവസ്തുക്കളുടെ ക്ഷാമവും രൂക്ഷമാവുകയാണ്. പ്രധാന ചേരുവകളായ ഡാൾഡയും യീസ്റ്റും ചൈനയിൽ നിന്നും മുംബയിൽ നിന്നുമാണ് എത്തിയിരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ചൈനീസ് യീസ്റ്റിന് വിലക്ക് വീണു. മുംബയിൽ നിന്നെത്തുന്നവ കൈപ്പറ്റാൻ ഭയമാണെന്ന് ബോർമ ഉടമകൾ പറയുന്നു. ദിനംപ്രതി ഓരോ മേഖലയും കണ്ടെയ്ൻമെന്റ് സോണുകളാവുന്നതിനാൽ പല ബുക്കിംഗുകളും അപ്രതീക്ഷിതമായി നഷ്ടപ്പെടുന്നുണ്ട്. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരെ ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ കർശന നിർദേശം ബോർമ തൊഴിലാളികൾക്ക് ഇരുട്ടടിയായി. കുട്ടനാട് മേഖലയിൽ നിന്നുള്ള ധാരാളം സ്ത്രീകളാണ് ആലപ്പുഴ നഗരത്തിലെ ബോർമകളിൽ തൊഴിലിനെത്തിയിരുന്നത്. ബോട്ടിൽ വരേണ്ടതിനാൽ തത്കാലം ഇവരെ മാറ്റിനിറുത്തിയിരിക്കുകയാണ്. വില്പന നടക്കാത്ത ബ്രെഡ്, ബൺ എന്നിവ നശിപ്പിച്ചുകളയുകയേ മാർഗമുള്ളൂ.

............................

# ആശ്രയമറ്റ് രോഗികൾ

ആശുപത്രികളിലെ കിടപ്പുരോഗികളായ ബി.പി.എൽ അംഗങ്ങൾക്ക് സർക്കാർ സൗജന്യമായി നൽകുന്ന പ്രധാന വിഭവമാണ് ബ്രെഡും പാലും. ചേർത്തല, കായംകുളം മേഖലകളിൽ ബ്രെഡിന്റെ ഉത്പാദനവും വിപണവും പ്രതിസന്ധിയിലാണ്. വരും ദിവസങ്ങളിൽ രോഗവ്യാപനമുണ്ടായാൽ ആലപ്പുഴ മെഡി. ആശുപത്രിയിലെയും ജനറൽ ആശുപത്രിയിലെയും രോഗികൾക്കുള്ള ബ്രെഡ് വിതരണം പ്രതിസന്ധിയിലാവും. കുട്ടികൾക്കും വയോധികർക്കും വേണ്ടിയും ബ്രെഡ് വാങ്ങുന്നവരുണ്ട്. അധികം മധുരമുള്ളതും, വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ലഘു വിഭവമായ ബ്രെഡിനും ബണ്ണിനും റസ്കിനും ജനപ്രീതിയേറിയത്. എന്നാൽ വരും ദിവസങ്ങളിൽ ഇവ കിട്ടാനില്ലാത്ത അവസ്ഥ വന്നേക്കാം.

........................

ഏറെ പ്രതിസന്ധിയിലൂടെയാണ് മേഖല കടന്നു പോകുന്നത്. ഉത്പാദനവും തൊഴിലാളികളുടെ എണ്ണവും വെട്ടിച്ചുരുക്കി. കണ്ടെയ്ൻമെന്റ് സോണുകൾ വർദ്ധിക്കുന്നത് വിപണനത്തിന് തടസമാവുകയാണ്. ലോൺ തിരിച്ചടവുകൾ മുടങ്ങുന്നു. സോണുകളിലെ പല ബോർമകളും നിലവിൽ പ്രവർത്തനം നിറുത്തിവെച്ചിരിക്കുകയാണ്

സുരേഷ് ബാബു, ആദിത്യ ബേക്കേഴ്സ്