പ്രതിഷേധിച്ചത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം
ആലപ്പുഴ: പരിശോധനകളൊന്നുമില്ലാതെ അന്യസംസ്ഥാനങ്ങളിൽ നിന്ന് സാധനങ്ങളുമായി വഴിച്ചേരി മാർക്കറ്റിലെത്തിയ ലോറികൾ പ്രദേശവാസികളായ നൂറിലധികം സ്ത്രീകളും കുട്ടികളും ചേർന്ന് തടഞ്ഞു. ഇന്നലെ രാവിലെ 7.30നായിരുന്നു പ്രതിഷേധം.
കൊവിഡ് വ്യാപനം രൂക്ഷമായ കർണ്ണാടക, തമിഴ്നാട് എന്നിവടങ്ങളിൽ നിന്നാണ് ലോറികൾ എത്തുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇവിടെത്തുന്നുണ്ട്. പക്ഷേ വാഹനങ്ങളിലെ ജീവനക്കാർക്കായി യതൊരു വിധ പരിശോധനകളും മാർക്കറ്റിൽ ഏർപ്പെടുത്തിയിട്ടില്ല. വാഹനങ്ങളിൽ നിന്ന് ലോഡിറക്കുന്ന സമയം ഇവർ ഇവിടങ്ങളിൽ കറങ്ങി നടക്കുന്ന പതിവിനും മാറ്റമില്ല. നഗരത്തിൽ രോഗവ്യാപനം ശക്തമാവുന്നതിനാലാണ് പ്രദേശവാസികൾ രംഗത്തെത്തിയത്. ലോറികൾ തടഞ്ഞതറിഞ്ഞ് സൗത്ത് പൊലീസ് എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും പിരിഞ്ഞുപോകാൻ തയ്യാറായില്ല. പിന്നീട് ഡിവൈ എസ്.പിയുടെ സാന്നിദ്ധ്യത്തിൽ പ്രതിഷേധക്കാരും വാർഡ് കൗൺസിലറും ചേർന്ന് വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ മാർക്കറ്റിലെ തിരക്ക് നിയന്ത്രിക്കാൻ തീരുമാനിച്ചു.
കായംകുളം മാർക്കറ്റിലെ വ്യാപാരി കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് സമാന ഭീതി മറ്റിടങ്ങളിലേക്കും വ്യാപിച്ചത്. ഒരു നിയന്ത്രണവുമില്ലാതെയായിരുന്നു കായംകുളം മാർക്കറ്റിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങൾ എത്തിയിരുന്നത്. തമിഴ്നാട്ടിൽ നിന്നെത്തിയ ലോറി ജീവനക്കാരനിൽ നിന്നാണ് വ്യാപാരിക്ക് രോഗം പകർന്നതെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. വ്യാപാരിയുടെ കുടുംബാംഗങ്ങളും കൊവിഡ് ബാധിതരാണ്.
.............................................
# വഴിച്ചേരിയിലെ നിയന്ത്രണങ്ങൾ
പച്ചക്കറികൾ ഇറക്കുന്നത് രാത്രിയിൽ
രാവിലെ 9 മുതൽ 11 വരെ പഴവർഗ്ഗങ്ങൾ ഇറക്കും
ശേഷം പലചരക്ക് സാധനങ്ങൾ
ഒരു നിരയിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യും
ലോറികളിലെ ജീവനക്കാർക്ക് വിശ്രമസൗകര്യം
ഇവരുടെ ശരീരോഷ്മാവ് പരിശോധിക്കും
മാർക്കറ്റിലേക്ക് മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ല
...................................................
# പട്രോളിംഗ് സംഘമില്ല
കഴിഞ്ഞ മാസം നടന്ന ജില്ലാതല അവലോകന യോഗത്തിൽ മുഴുവൻ നഗരസഭകളിലും ഒരു ഡെപ്യൂട്ടി തഹസീൽദാറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രത്യേക പട്രോളിംഗ് സംഘത്തെ ജില്ലാ ഭരണകൂടം നിയമിച്ചിരുന്നു. ഒരു എ.എസ്.ഐ, രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരാണ് സംഘത്തിലെ അംഗങ്ങൾ. മാർക്കറ്റ്, വ്യാപാരശാലകൾ, നിരത്തുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന പരിശോധനയായിരുന്നു ചുമതല. പക്ഷേ, പട്രോളിംഗ് സംഘത്തെ എങ്ങും കാണാനില്ല.