പാരമ്പര്യ തൊഴിലിൽ മുഴുകി നടൻ അറുമുഖൻ
ആലപ്പുഴ: കൊവിഡിൽ തട്ടി സിനിമ വീണതോടെ തെരുവോരത്ത് പഴയ ബാഗുകൾ തുന്നിയും പുത്തൻ കുടകളിൽ പേരെഴുതിയും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ബദ്ധപ്പാടിലാണ് 'കുഞ്ഞൻ' താരം അറുമുഖൻ. 'അത്ഭുതദ്വീപി'ലൂടെ സിനിമാപ്രേമികളുടെ മനസിൽ ഇടം നേടിയ ജില്ലാക്കോടതി വാർഡ് തറക്കൽ വീട്ടിൽ പരേതരായ രാമനാരായണൻ-രമണി ദമ്പതികളുടെ മകൻ അറുമുഖൻ മുല്ലയ്ക്കൽ സീറോ ജംഗ്ഷനിൽ പാരമ്പര്യമായി കിട്ടിയ തൊഴിലിന്റെ തിരക്കിലാണിപ്പോൾ. സിനിമ ചിത്രീകരണം നിറുത്തിയതോടെ ഇടയ്ക്കിടെ കിട്ടിക്കൊണ്ടിരുന്ന ചെറുവേഷങ്ങളൊക്കെ മുടങ്ങി. ഇതോടെ ജീവിതം വഴിമുട്ടിയപ്പോൾ കുടത്തണലിലേക്ക് തിരിച്ചെത്തേണ്ടി വന്നു.
ആലപ്പുഴ ജവഹർ ബാലഭവനിൽ പഠിക്കുന്ന കാലത്ത് 1985,86 വർഷങ്ങളിൽ നടന്ന കലാ മത്സരത്തിൽ ഒന്നാമനായിരുന്നു. ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്കൂളിലും എസ്.ഡി കോളേജിലും പഠിക്കവേ മിമിക്രിയിലും മോണോ ആക്ടിലും സംസ്ഥാനതലത്തിൽ വിജയിച്ചു. പ്രീഡിഗ്രി പഠനത്തിന് ശേഷം, മൂന്ന് തലമുറയായി പകർന്നുകിട്ടിയ പാരമ്പര്യ തൊഴിലിൽ ഏർപ്പെട്ടുതുടങ്ങി. വിവിധി മിമിക്രി ട്രൂപ്പുകളിലൂടെ ഉത്സവപ്പറമ്പുകളിലും തിളങ്ങി.
15ൽ അധികം സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ചു. 2005ൽ പുറത്തിറങ്ങിയ, വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപിലെ ജഡരാജകുമാരൻ എന്ന കഥാപാത്രമാണ് വഴിത്തിരിവായത്. ഓർഡിനറിയിൽ ദാസപ്പനായും ഞാൻ സഞ്ചാരിയിൽ ലോട്ടറിവില്പനക്കാരന്റെ വേഷത്തിൽ അറുമുഖൻ എന്ന കഥാപാത്രമായും അഭിനയിച്ചു.മൂന്ന് സിനിമകൾ റിലീസ് ചെയ്യാനുണ്ട്. റിലീസിനായി കാത്തിരിക്കുന്ന ജാൻസിറാണി എന്ന സിനിമയിൽ കോളേജ് അദ്ധ്യാപകനായിട്ടാണ് വേഷം. തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പാരമ്പര്യത്തിലും കല്ലുകടി!
കുടകളിൽ പേരെഴുതാനും ബാഗ് അറ്റകുറ്റപ്പണിക്കുമായി ജൂൺ,ജൂലായ് മാസങ്ങളിൽ നല്ല തിരക്കായിരുന്നു. കുടകളിൽ മനോഹരമായി പേരെഴുതി കൊടുക്കാൻ അറുമുഖന് അപാര കഴിവാണ്. ചില ദിവസങ്ങളിൽ ഒരു രൂപയുടെ പോലും വർക്ക് ലഭിക്കാറില്ലെന്ന് അറുമുഖൻ പറയുന്നു. ഭാര്യ: രാധിക. വിദ്യാർത്ഥികളായ ആദിത്യ, ആഗ്ര എന്നിവർ മക്കളാണ്.