കൊവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
ആലപ്പുഴ: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ 24ന് ആരംഭിക്കും. ഏകജാലത്തിനുള്ള അപേക്ഷകൾ ഓൺലൈൻ വഴിയാണ് സമർപ്പിക്കേണ്ടതെങ്കിലും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫീസും വിദ്യാർത്ഥികൾ സ്കൂളുകളിൽ നേരിട്ടെത്തി സമർപ്പിക്കണം.
കൊവിഡ‌് പശ്ചാത്തലത്തിൽ കീഴ് വഴക്കങ്ങളിൽ മാറ്റം വരുത്തണമെന്ന നിർദേശങ്ങളുമായി എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. നിലവിലെ രീതി അനുസരിച്ച് ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടിൽ വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പുവച്ചശേഷം അനുബന്ധ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വെരിഫിക്കേഷനു സമർപ്പിക്കണം. ജില്ലയിലെ സ്കൂളുകളിൽ അപേക്ഷിച്ച വിദ്യാർത്ഥികൾ ജില്ലയിലെ ഏതെങ്കിലും ഹയർസെക്കൻഡറി സ്കൂളിൽ വെരിഫിക്കേഷനായി രേഖകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷകൾ സ്കൂളുകളിൽനിന്ന് വെരിഫിക്കേഷൽ നടത്തിയാൽ മാത്രമേ അലോട്ട്മെൻറ്റിനായി പരിഗണിക്കൂ. അപേക്ഷാ ഫീസ് രണ്ടുവിധത്തിൽ അടയ്ക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും, അപേക്ഷിക്കുന്ന ജില്ലയിലെ ഏതെങ്കിലും സർക്കാർ/ എയ്ഡഡ്/ ഹയർസെക്കൻഡറി സ്കൂളിൽ സമർപ്പിക്കാൻ കഴിയുമെങ്കിൽ അപേക്ഷാ ഫീസ് നേരിട്ട് ആ സ്കൂളിൽ അടച്ചാൽ മതി. അപേക്ഷിക്കുന്ന ജില്ലയിൽ നേരിട്ട് അപേക്ഷയുടെ പ്രിന്റൗട്ട് സമർപ്പിക്കാൻ കഴിയാത്തവർ മാത്രം ഡി.ഡി മുഖാന്തിരം അപേക്ഷ ഫീസ് അടച്ചശേഷം മാത്രം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
..............
# സമ്പർക്കം ഒഴിവാക്കാനുള്ള നിർദേശങ്ങൾ
അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ച ശേഷം സ്‌കൂളുകളിലേക്ക് ഫോൺ മുഖേന അറിയിക്കണം. പ്രിന്റൗട്ടുമായി കുട്ടികൾ സ്‌കൂളുകളിലേക്ക് വരേണ്ടതില്ല. 25 രൂപ ഫീസ് ഓൺലൈനായി ബാങ്കിൽ നിക്ഷേപിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണം
അപേക്ഷ തയ്യാറാക്കാൻ സഹായകരമാകുന്ന വീഡിയോ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുകയും വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുകയും വേണം
ഓൺലൈനായി നൽകുന്ന അപേക്ഷ വിദ്യാർത്ഥികൾക്ക് തന്നെ കൺഫേം ചെയ്യാൻ സാധിക്കണം. അവരെ സ്‌കൂളുകളിലേക്ക് വരുത്തുന്നത് ഒഴിവാക്കണം
ട്രയൽ അലോട്ട്‌മെന്റിന് ശേഷവും മാറ്റങ്ങൾ വരുത്താനുണ്ടെങ്കിൽ അതും ഓൺലൈനായി ചെയ്യാൻ കഴിയും വിധം സൗകര്യങ്ങളൊരുക്കണം
താത്കാലിക പ്രവേശനം നേടുന്നവർക്ക് തങ്ങൾ തിരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളിൽ ഓൺലൈനായി പ്രൊവിഷണൽ പ്രവേശനം നേടാൻ സൗകര്യമൊരുക്കണം. പ്രവേശനം നേടിയെന്ന് സ്‌കൂൾ അധികാരികൾക്ക് അറിയാൻ സാധിക്കണം
അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ച് സ്ഥിര പ്രവേശനം നേടിയ വിദ്യാർത്ഥികൾ മാത്രം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി വിദ്യാലയങ്ങളിൽ എത്തിച്ചേരണം
ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം നേരത്തെ നിശ്ചയിച്ച് അഡ്മിഷൻ നടത്തണം
സേ, ഇംപ്രൂവ്‌മെന്റ്, റീവാല്യുവേഷൻ, സ്‌ക്രൂട്ടണി എന്നിവയ്ക്കുള്ള അപേക്ഷയും ഫീസും ഓൺലൈനായി സമർപ്പിക്കാൻ അവസരം ഒരുക്കണം. ഓൺലൈനായി ഫീസ് അടയ്ക്കുന്നത് ബുദ്ധിമുട്ടാണെങ്കിൽ പരീക്ഷ ദിവസങ്ങളിൽ ഫീസ് വാങ്ങാനുള്ള അവസരം നൽകി തീയതി ദീർഘിപ്പിക്കണം
...................................................
പലഭാഗങ്ങളും കണ്ടെയ്ൻമെന്റ് സോണുകളാവുകയും സ്കൂൾ ഡ്യൂട്ടിക്കിടെ ഏതാനും പേർക്ക് കൊവിഡ് പിടിപെടുകയും ചെയ്ത പശ്ചാത്തലത്തിൽ ഈ നിർദ്ദേശങ്ങൾക്ക് പരിഗണന നൽകി സോഫ്റ്റ് വെയറിൽ വേണ്ട മാറ്റങ്ങൾ നടപ്പാക്കണം
എസ്. മനോജ്, ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ