ആലപ്പുഴ : പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിലൂടെ രോഗികൾക്ക് കൈത്താങ്ങേകി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നാടിന് മാതൃകയാകുന്നു. അഞ്ചുവർഷ കാലയളവിൽ 50 ലക്ഷത്തിൽപ്പരം രൂപയുടെ സഹായം പാലിയേറ്റീവ് കെയർ വഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനങ്ങളിലേക്ക് എത്തിച്ചു. പഞ്ചായത്ത് തലങ്ങളിൽ പി.എച്ച്.സികൾ കേന്ദ്രീകരിച്ച് പ്രൈമറി പാലിയേറ്റീവ് കെയർ, ബ്ലോക്ക് തലത്തിൽ സെക്കൻഡറി പാലിയേറ്റീവ് കെയർ എന്നിങ്ങനെ രണ്ട് തട്ടുകളായാണ് ബ്ലോക്കിലെ പാലിയേറ്റീവ് കെയർ വിഭാഗം പ്രവർത്തനം.

കാൻസർ രോഗികൾക്ക് മോർഫിൻ സപ്പോർട്ട് സംവിധാനം ജില്ലയിൽ ആദ്യമായി നടപ്പാക്കി എന്ന പ്രത്യേകതയും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിന് സ്വന്തമാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനായി എല്ലാ പഞ്ചായത്തുകളിലും ഒരു പ്രത്യേകദിനം തിരഞ്ഞെടുത്ത് അവരുടെ പരിപാടികൾ അവതരിപ്പിച്ച് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും.

ബ്ലോക്ക് പരിധിയിലുള്ള അഞ്ചു പഞ്ചായത്തുകളിലെ പി.എച്ച്.സികളിലും ഓരോ പാലിയേറ്റീവ് സ്റ്റാഫ് നഴ്സുമാരുടെ സേവനം ഉറപ്പാക്കി. പി.എച്ച്.സികളിൽ പാലിയേറ്റീവ് ഒ.പിയും നടത്തുന്നു. പഞ്ചായത്തുകൾ തോറും അംഗവൈകല്യമുള്ളവർക്കായി പ്രത്യേകം ക്യാമ്പുകൾ, രോഗി സംഗമം, മാനസിക വെല്ലുവിളി നേരിടുന്നവർക്കായി മെന്റൽ ഹെൽത്ത് പരിചരണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിവരുന്നു.

പ്രവർത്തനങ്ങൾ

കിടപ്പ് രോഗികളെ പരിചരിക്കുവാനായി ഗൃഹസന്ദർശനം

ഫിസിയോതെറാപ്പി ഹോം കെയർ

കാൻസർ രോഗികൾക്കുള്ള മോർഫിൻ സപ്പോർട്ട്

എയർ ബെഡ്, വാക്കിംഗ് സ്റ്റിക്ക്, മുച്ചക്രവാഹനം, ശ്രവണ സഹായി വിതരണം

ഫിസിയോതെറാപ്പി ട്രെയിനിംഗ്, ജീവിതശൈലീ രോഗങ്ങൾക്കുള്ള വൈദ്യസഹായം

രോഗികൾക്ക് വസ്ത്രം, ബെഡ്ഷീറ്റ്, അവശ്യവസ്തുക്കളുടെ വിതരണം

''തൈക്കാട്ടുശ്ശേരി ബ്ലോക്ക് പരിധിയിൽ ഒരു രോഗിയും ആവശ്യ സഹായങ്ങൾ ലഭിക്കാതെ കഷ്ടപ്പെടരുത് എന്ന ലക്ഷ്യം മുൻനിർത്തിയാണ് പാലിയേറ്റീവ് കെയർ വിഭാഗം പ്രവർത്തിക്കുന്നത്. രോഗികളെ കണ്ടെത്തി ആവശ്യമായ പരിചരണങ്ങൾ നൽകാൻ ബ്ലോക്ക് തലത്തിൽ നിന്ന് എല്ലാ പിന്തുണയും സഹായവും ഉറപ്പാക്കുന്നുണ്ട്

നിർമ്മല സെൽവരാജ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്