ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തീരപ്രദേശത്ത് കടൽക്ഷോഭത്തിൽ നാശനഷ്ടം ഉണ്ടായ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. മന്ത്രിയുടെ നിർദേശാനുസരണം കടൽക്ഷോഭം ഉണ്ടായ ദിവസം തന്നെ തഹസിൽദാർ സ്ഥലം സന്ദർശിക്കുകയും കേടുപാടുകൾ സംഭവിച്ച വീടുകളുടെ വിവരങ്ങൾ ശേഖരിച്ചു. ഇവർക്ക് സഹായം നൽകുവാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. ഇതിനാവശ്യമായ സഹായം വില്ലേജ് ഉദ്യോഗസ്ഥന്മാർ നൽകേണ്ടതാണ്. ഉപയോഗ ശൂന്യമായ ശൗചാലയങ്ങൾ ഉപയോഗ യോഗ്യമാക്കുന്നതിന് ആവശ്യമായ പണം എം.എൽ.എ ഫണ്ടിൽ നിന്നും നൽകാൻ നിർദ്ദേശിച്ചു.

തീരദേശത്തിന്റെ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്ന 'പുനർഗേഹം' പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ നൽകും. അടിയന്തരമായി ഇത് നടപ്പിലാക്കാൻ 50 മീറ്ററിനുള്ളിൽ താമസിക്കുന്നവർ പ്രാദേശിക അടിസ്ഥാനത്തിൽ കമ്മറ്റികൾ കൂടി സ്ഥലം കണ്ടെത്തണം.കിഫ്ബി വഴി അനുവദിച്ച 45 കോടി രൂപയുടെ പുലിമുട്ട് നിർമ്മാണം താമസം കൂടാതെ ആരംഭിക്കുതിനുള്ള നടപടി സ്വീകരിക്കുവാൻ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.