swapna-suresh

ആലപ്പുഴ: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിന് ഒളിവിൽ പോകാൻ താൻ സഹായിച്ചിട്ടില്ലെന്ന് തുറവൂരിലെ വ്യവസായി കിരൺ മാർഷൽ വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസിൽപ്പെട്ടവരുമായി തനിക്ക് യാതൊരു പരിചയവുമില്ല.തന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കുന്നത് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പള്ളിത്തോട്ടിലെ വസതിയിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുമായി 18 വർഷത്തിലേറെയായി പരിചയമുണ്ട്.ഭരണതലത്തിലുള്ള മറ്റു പലരുമായും അടുത്ത ബന്ധമുണ്ട്.തന്റെ കുടുംബം ഇടതുപക്ഷ അനുഭാവമുള്ളതാണ്. അതിനാൽ തിരഞ്ഞെടുപ്പ് സമയങ്ങളിൽ നേതാക്കൾ വീട്ടിൽ വരാറുള്ളത് സ്വാഭാവികം മാത്രം. അതിന്റെ പേരിലാണ് ഇത്തരം ആരോപണങ്ങൾ വരുന്നത്.

പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കാർ വില്പനയ്ക്ക് വച്ചപ്പോൾ വിലകൊടുത്ത് വാങ്ങിയത് ആ കാറിനോട് ഉണ്ടായിരുന്ന ഇഷ്ടം കൊണ്ടാണ്.പുതിയ കാർ വാങ്ങിയപ്പോൾ ആ കാർ വിൽക്കുകയും ചെയ്തു. ഒരു അന്വേഷണ ഏജൻസിയും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇത്തരം ഒരു ആരോപണത്തിലേക്ക് തന്നെ വലിച്ചിഴച്ച യു.ഡി.എഫ് കൺവീനർ ബെന്നിബഹനാനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കിരൺ വ്യക്തമാക്കി.