കായംകുളം: ഇന്നലെ ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്തെ രോഗ ബാധിതരുടെ ആകെ എണ്ണം 81 ആയി. കായംകുളം നഗരസഭയിൽ സൂപ്പർ സ്‌പ്രെഡിന് സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു.
കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട 7 പേർക്കും രോഗം സ്ഥിരീകരിച്ച മറ്റൊരാളുടെ സമ്പർക്കത്തിലുള്ള ആൾക്കും ഗൾഫിൽ നിന്നും വന്ന് നിരീക്ഷണത്തിലുള്ള ആൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇനി ആയിരത്തോളം ഫലങ്ങൾ വരാനുണ്ട്. രോഗബാധിതരെ താമസിപ്പിച്ച് ചികിത്സ നൽകുന്നതിനാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ. കായംകുളം ടി.എ കൺവെൻഷൻ സെന്ററിലാണ് 200 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള സെന്റർ സജ്ജമാക്കിയത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും സെന്ററിലെ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള സൗകര്യങ്ങൾക്കായി ഒയാസിസ് ഓഡിറ്റോറിയവും ഏറ്റെടുത്തിട്ടുണ്ട്.
സെന്ററിൽ 200 പേർക്കുള്ള ചികിത്സയും ഇവർക്കുള്ള ഭക്ഷണവും നഗരസഭയാണ് നൽകുന്നത്. ഇതിനായി കാദീശാ ഓഡിറ്റോറിയത്തിൽ ഭക്ഷണശാല ആരംഭിക്കും.
............................................
നഗരത്തിൽ 20 ദിവസമായി തുടർന്നുവരുന്ന നിയന്ത്രണങ്ങളെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളും തൊഴിൽ ശാലകളും അടഞ്ഞുകിടക്കുന്നതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് അടിയന്തിര ദുരിതാശ്വാസ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എൻ. ശിവദാസൻ
നഗരസഭാ ചെയർമാൻ