plas

ആലപ്പുഴ: പ്ലാസ്മ തെറാപ്പിയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സ്വയം പര്യാപ്തത നേടിയെന്ന് സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ അറിയിച്ചു.

കൊവിഡ് ചികിത്സയ്ക്കായി ആശുപത്രിയുടെ ബ്ലഡ് ബാങ്കിലുള്ള 'അഫേർസിസ്' മെഷീൻ വഴി കൊവിഡ് കോൺവാലെന്റ് പ്ലാസ്മ ശേഖരിച്ചു. തണ്ണീർമുക്കം സ്വദേശി സജിമോനാണ് പ്ലാസ്മ നൽകിയത്. ഇപ്പോൾ ചികിത്സയിലുള്ള ഒരു കൊവിഡ് രോഗിക്ക് ഇത് നൽകും.

മെഡി. ആശുപത്രിയിലെ പ്രൊഫ. ഡോ. മായയുടെ നേതൃത്വത്തിൽ അസിസ്​റ്റന്റ് പ്രൊഫ. ഡോ. ഷിഫി, സയന്റിഫിക്ക് അസിസ്​റ്റന്റ് രവീന്ദ്രൻ, ഡോ. ഷാഹിദ, ഡോ. മഗ്ദലിൻ, ഡോ. റിതി എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് പ്ലാസ്മ ശേഖരിച്ചത്.

കൊവിഡ് ബാധിച്ച് മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന 70 കാരൻ കഴിഞ്ഞ ദിവസം പ്ലാസ്മ ചികിത്സ നടത്തിയതിനെ തുടർന്ന് രോഗമുക്തി നേടിയിരുന്നു, മഞ്ചേരി ഗവ. മെഡി. ആശുപത്രിയിൽ നിന്നാണ് പ്ലാസ്മ എത്തിച്ചത്. ഈ സാഹചര്യത്തിലാണ് ആലപ്പുഴ മെഡിക്. ആശുപത്രിയിൽ പ്ലാസ്മ ശേഖരിക്കാൻ തിരുമാനിച്ചത്.

 പ്ളാസ്മ തെറാപ്പി

കൊവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്ന് രോഗത്തിനെതിരെയുള്ള ആന്റിബോഡി അടങ്ങുന്ന പ്ലാസ്മ ശേഖരിക്കും. ഇത് അതിതീവ്ര അവസ്ഥയിൽ തുടരുന്ന രോഗികൾക്ക് നൽകി അവരെ രോഗമുക്തിയിലേക്ക് നയിക്കുന്ന ചികിത്സാരീതിയാണ് പ്ലാസ്മ തെറാപ്പി. ബ്ളഡ് ബാങ്കുകളിൽ രക്തം സൂക്ഷിക്കുന്ന അതേ തരത്തിൽ പ്ളാസ്മയും സൂക്ഷിക്കാനാവും. രോഗബാധിതനായ വ്യക്തിയുടെ രക്ത ഗ്രൂപ്പിന് അനുയോജ്യമായ ഗ്രൂപ്പിലെ പ്ലാസ്മ മാത്രമേ നൽകാൻ സാധിക്കൂ.