ഹരിപ്പാട്: ജനങ്ങൾക്ക് ദുരിതം വിതച്ച് ആറാട്ടുപുഴയിൽ ചൊവ്വാഴ്ച്ചയും കടലേറ്റം. രണ്ട് ദിവസത്തെ ശക്തമായ കടലേറ്റത്തിന് രാത്രി അൽപം ശമനം ഉണ്ടായെങ്കിലും രാവിലെ പത്തുമണിയോടെ വീണ്ടും ശക്തമായി. ആറാട്ടുപുഴ, നല്ലാണിക്കൽ, വട്ടച്ചാൽ, പെരുമ്പള്ളി, കള്ളിക്കാട്, മംഗലം ഭാഗങ്ങളിൽ കടൽ ശക്തമായി കരയിലേക്ക് അടിച്ചു. തീരദേശ പാതയും കടന്ന് വെള്ളം കിഴക്കോട്ട് ഒഴുകി.
തീര പാതയ്ക്ക് പടിഞ്ഞാറുവശമുളള ഒട്ടുമിക്ക വീടുകളും അപകട ഭീഷണിയിലാണ്. നല്ലാണിക്കലും വട്ടച്ചാലുമാണ് കൂടുതൽ വീടുകൾ ഭീഷണി നേരിടുന്നത്. കണ്ടെയ്ൻമെന്റ് സോണിലുള്ള പ്രദേശത്ത് കടലാക്രമണം കൂടി വന്നത് ജനങ്ങളെ അക്ഷരാർത്ഥത്തിൽ വലയ്ക്കുകയാണ്. കടലാക്രമണ മേഖലയിൽ ജനങ്ങൾ സ്വന്തം ചെലവിൽ വലിയ ചാക്കിൽ മണൽ നിറച്ച് കടലിനെ പ്രതിരോധിക്കാനുളള ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലമില്ലാത്ത അവസ്ഥയുണ്ട്. അധികൃതർ വേണ്ട സഹായങ്ങൾ നൽകാത്തത് കനത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടുകാർ മംഗലം ജംഗ്ഷനിൽ കസേരയിട്ട് റോഡ് തടഞ്ഞ് പ്രതിഷേധിച്ചു.
മിക്കഭാഗങ്ങളിലും തീരദേശ പാത കവിഞ്ഞ് വെളളം കിഴക്കോട്ടൊഴുകി നൂറു കണക്കിന് വീടുകളാണ് മുങ്ങിയിരിക്കുന്നത്. തെങ്ങുൾപ്പെടെയുളള മരങ്ങൾ കടപുഴകി. തിരമാലകൾ തീരദേശപാതയിലേക്ക് മണലും അടിച്ചുകയറ്റുന്നുണ്ട്.
കടലാക്രമണത്തിൽ നാശം വിതച്ച ആറാട്ടുപുഴ -തൃക്കുന്നപ്പുഴ പഞ്ചായത്തിൽ എസ്.വൈ.എസ് ഹരിപ്പാട് സോൺ സാന്ത്വനം വോളണ്ടിയർമാർ ഭക്ഷണ പൊതികൾ പതിയാങ്കര, കുറിച്ചിക്കൽ, മംഗലം, പത്തിശ്ശേരിൽ, എം.ഇ.എസ് ജംഗ്ഷൻ, എ.സി പള്ളി, ആറാട്ടുപുഴ ബസ് സ്റ്റാന്റ്, കള്ളിക്കാട്, പാനൂർ, ചേലക്കാട് എന്നിവടങ്ങളിൽ നൽകി. രണ്ട് ദിവസങ്ങളിലായി 1000 ത്തോളം ഭക്ഷണപ്പൊതികളാണ് നൽകിയത്.