ആലപ്പുഴ : കൊവിഡ് ബാധിതർക്കായി ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ മൂന്ന് സ്ഥലങ്ങളിലായി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമായി. ആലപ്പുഴ ശക്തി ആഡിറ്റോറിയത്തിൽ 150 കിടക്കകളും മെക്ക ടവറിൽ 85 കിടക്കകളും റെയ്ബാനിൽ 85 കിടകക്കകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ജില്ല കളക്ടറുടെ നിർദ്ദേശ പ്രകാരം നേരത്തെ ശക്തി ആഡിറ്റോറിയത്തിൽ 100 കിടക്കകൾ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ കൂടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് മറ്റുള്ള സ്ഥലങ്ങളിലും ചികിത്സാ കേന്ദ്രമാക്കാൻ തീരുമാനിച്ചത്. മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സി ജ്യോതിമോൾ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ എ റസാഖ്, ജി മനോജ്കുമാർ, ബഷീർ കോയാപറമ്പിൽ, ബിന്ദു തോമസ്, മുനിസിപ്പൽ സെക്രട്ടറി കെ കെ മനോജ് എന്നിവർ പങ്കെടുത്തു.