ഹരിപ്പാട്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന തൃക്കുന്നപ്പുഴ ആറാട്ടുപുഴ പഞ്ചായത്തുകളിലെ തീരപ്രദേശം എം.ആരിഫ് എം.പി. സന്ദർശിച്ചു. കടലാക്രമണത്തിൽ റോഡ് മുറിഞ്ഞ പെരുമ്പള്ളി, കള്ളിക്കാട്, ആറാട്ടുപുഴ ബസ് സ്റ്റാന്റ്, എം.ഇ.എസ് ജംഗ്ഷൻ, പത്തിശ്ശേരി, മംഗലം, തൃക്കുന്നപ്പുഴ, പതിയാങ്കര, ചേലക്കാട്ട്, പല്ലന, കുറ്റിക്കാട് പ്രദേശങ്ങളാണ് സന്ദർശിച്ചത്. നിരവധി വീടുകൾ ഈ പ്രദേശങ്ങളിൽ തകർന്നിട്ടുണ്ട്, നിരവധി വീടുകൾ ഭീഷണിയിലാണ്. തീരദേശ റോഡ് പല ഭാഗങ്ങളിലും തകർന്നു. വൈദ്യുതി ലൈനുകൾ തകർന്നുവീണു. ശക്തമായ തിരയിൽ അടിച്ചു കയറിയ വെള്ളം ഒഴുക്കിവിടുവാനും റോഡ് തകർന്ന സ്ഥലങ്ങളിലും വീടുകൾ ഭീഷണി നേരിടുന്ന സ്ഥലത്തും അടിയന്തിരമായി ജിയോ ബാഗുകൾ അടുക്കി തീരം സംരക്ഷിക്കാനാവാശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എം.പി, ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ, ഏരിയാ കമ്മറ്റി അംഗങ്ങളായ എം.എം അനസ് അലി, സി.രത്നകുമാർ, ജി.ബിജുകുമാർ, ആറാട്ടുപുഴ വടക്ക് എൽ.സി സെക്രട്ടറി എം.ആനന്ദൻ, തൃക്കുന്നപ്പുഴ എൽ.സി.സെക്രട്ടറി എസ്.സുനു എന്നിവർ ഒപ്പമുണ്ടായിരുന്നു.