റാപ്പിഡ് ടെസ്റ്റി​ൽ 97ൽ 96 പേരും നെഗറ്റീവ്

ചാരുംമൂട്: താമരക്കുളം, നൂറനാട്,പാലമേൽ ഗ്രാമപഞ്ചായത്തുകളിലായി ഐ.ടി​.ബി.പി ഉദ്യേഗസ്ഥരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരടക്കം 143 പേരുടെ സ്രവ സാമ്പിൾ ഇന്നലെ പരിശോധനയ്ക്കായി ശേഖരിച്ചു. ചാരുംമൂട്ടിലെ കേന്ദ്രത്തിൽ വച്ചാണ് മെഡിക്കൽ സംഘം സ്രവം ശേഖരിച്ചത്.

ഐ.ടി​.ബി.പി ക്യാമ്പിലെ ഉദ്യോഗസ്ഥരും ക്യാമ്പിന് പുറത്ത് വീടെടുത്ത് താമസിക്കുന്നവരുമായവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെയും കണ്ണനാകുഴിയിലെ മത്സ്യ വ്യാപ്രാരിയുടെയടക്കം വിവിധ കൊവിഡ് പോസിറ്റീവ് കേസുകളുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെയും സ്രവമാണെടുത്തത്. ഐ.റ്റി.ബി.പി ഉദ്യോഗസ്ഥരിൽ ചിലർ ലെപ്രസി സാനിട്ടോറിയം ഒ.പി വിഭാഗത്തിലെത്തിയിരുന്നതിനാൽ ഒ.പിയിലെ 7 ഡോക്ടറന്മാരും, നഴ്സുമാരും മറ്റ് ജീവനക്കാരുമടക്കം 21 പേരുടെ സാമ്പിളും പരിശോധയ്ക്കെടുത്തിരുന്നു.

സാനിട്ടോറിയം ഡോക്ടറന്മാരും ജീവനക്കാരും ഉൾപ്പെടെ 97 പേർക്ക് റാപ്പിഡ് ടെസ്റ്റാണ് നടത്തിയത്. 46 പേർക്ക് ആർ.റ്റി.പി.സി.ആർ ടെസ്റ്റ് നടത്തും. സാനിട്ടോറിയത്തിലെ 21 ജീവനക്കാരുടെയടക്കം റാപ്പിഡ് ടെസ്റ്റ് നടത്തിയ 97 ൽ 96 പേരുടെയും ഫലം നെഗറ്റീവാണ്. ഭരണിക്കാവ് ബ്ളോക്ക് പരിധിയിലെ താമരക്കുളത്ത് സ്ഥിരം സ്വാബ് ശേഖരണ കേന്ദ്രം വരുന്നതിനാൽ സാമ്പിൾ ശേഖരണവും പരിശോധനയും കൂടുതൽ വേഗത്തിലാക്കാൻ കഴിയും. താമരക്കുളം പഞ്ചായത്തിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി എടുത്തിട്ടുള്ള തമ്പുരാൻ ഓഡിറ്റോറിയത്തിൽ ഇന്നലെ ഡി.വൈ.എഫ്.ഐ യുടെ സന്നദ്ധ പ്രവർത്തകർ ശുചീകരണവും മറ്റ് സജ്ജീകരണ പ്രവർത്തനങ്ങളും നടത്തി.


ചെന്നൈയിൽ വച്ച് കൊവിഡ് മാറിയ

ദമ്പതികളിൽ ഭാര്യയ്ക്ക് വീണ്ടും കൊവിഡ്

ചാരുംമൂട് : ചെന്നൈയിൽ വച്ച് കൊവിഡ് ബാധിക്കുകയും രോഗം മാറിയ ശേഷം കേരളത്തിലെത്തുകയും ചെയ്ത ദമ്പതികളിൽ ഭാര്യയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നും നൂറനാട് പത്താംകുറ്റിയിലുള്ള വീട്ടിലെത്തി ഭർത്താവിനൊപ്പം ക്വാറന്റൈനിൽ കഴിഞ്ഞു വന്ന 63 കാരിക്കാണ് നാട്ടിൽ നടത്തിയ സ്രവപരിശോധനയിൽ തിങ്കളാഴ്ച വീണ്ടും പോസിറ്റീവായത്.
എന്നാൽ തിങ്കളാഴ്ച തന്നെ ആശുപത്രിയിലാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഇവർ തയ്യാറായില്ലെന്ന് ഉദ്യേഗസ്ഥർ പറഞ്ഞു. താൻ പോയാൽ പ്രായമായ ഭർത്താവിനെ നോക്കാൻ ആരുമില്ലെന്ന് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇന്നലെ ജനപ്രതിനിധികളും പഞ്ചായത്തും ഇടപെട്ട് ഭർത്താവിനെ നോക്കാൻ ക്രമീകരണമുണ്ടാക്കിയതോടെ ഇവർ ആശുപത്രിയിലേക്ക് മാറാൻ തയ്യാറായിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുവാനുള്ള ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ പൂർത്തിയാക്കി.