ആലപ്പുഴ : ഇന്നലെ തീരദേശത്തടക്കം എട്ടു പേർക്കാണ് ഇന്നലെ ചേർത്തല താലൂക്കിൽ കൊവിഡ് സ്ഥിരീകരിച്ചത്. ചന്തിരൂർ,എഴുപുന്ന,പള്ളിത്തോട്,കുത്തിയതോട്,കടക്കരപ്പള്ളി,ചേർത്തലതെക്ക്,തുറവൂർ എന്നിവിടങ്ങളിലാണ് രോഗികൾ.ചേർത്തല തെക്കിൽ ആശാപ്രവർത്തകക്ക് രോഗം സ്ഥിരീകരിച്ചു.ഇവരുമായി സമ്പർക്കമുണ്ടായ നിരവധിപേരെ നിരീക്ഷണത്തിലാക്കി.ഇവർ സന്ദർശിച്ച ചേർത്തല തെക്ക് പഞ്ചായത്തിലെ ഹോമിയോ ആശുപത്രി അടച്ച് ഡോക്ടറെ അടക്കം ക്വാറന്റൈനിലാക്കി.
അടച്ചിട്ടിരുന്ന ചേർത്തല താലൂക്ക് ആശുപത്രിയിൽ ജനറൽ ഒ.പി വിഭാഗം പ്രവർത്തിച്ചു തുടങ്ങി.10 ഡോക്ടർമാരും ജീവനക്കാരുമാണ് ഒ.പി നിയന്ത്റിച്ചത്.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ മൂന്നായി തിരിച്ച് പ്രതിമാസം 10 ദിവസം വീതം ജോലി ചെയ്യുന്ന സംവിധാനമാക്കിയിട്ടുണ്ട്.
വൈകാതെ ഐ.പിയും തുടങ്ങുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ ജീവനക്കാരുടെ വിന്ന്യാസത്തിൽ അധികൃതർ കാട്ടിയ അലംഭാവമാണ് ആശുപത്രി അടച്ചു പുട്ടേണ്ട സാഹചര്യത്തിലേയ്ക്ക് എത്തിച്ചതെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നിരുന്നു.ജില്ലയുടെ ചുമതലക്കാരനായ മന്ത്രി ജി.സുധാകരനും,മന്ത്രി പി.തിലോത്തമനും ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.ഇതിനിടെ നഗര അതിർത്തിയിലെ കോര്യംപള്ളി സ്കൂളിൽ കൊവിഡ് ബാധിച്ച നഴ്സ് കുത്തിവെയ്പ്പ് എടുത്ത കുട്ടികളും അമ്മമാരുമുൾപ്പെടെ 75 ഓളം പേരുടെ പരിശോധന ഫലം ഇതുവരെ എത്തിയിട്ടില്ല.ഫലം ഇന്നാേ നാളെയോ എത്തുമെന്നാണ് അധികൃതർ പറയുന്നത്.

 ഇളവുകളിൽ തീരുമാനമായില്ല

കണ്ടെയിൻമെന്റ് സോണായ ചേർത്തല താലൂക്കിൽ ഇളവുകൾക്കായി നൽകിയ നിർദ്ദേശത്തിൽ തീരുമാനമായില്ല.മന്ത്രി പി.തിലോത്തമന്റെ സാന്നിദ്ധ്യത്തിൽ തിങ്കളാഴ്ച കൂടിയ യോഗത്തിൽ ലോക്ക് ഡൗൺ ഒരാഴ്ചത്തേയ്ക്ക് തുടരുന്നതൊടൊപ്പം അവശ്യസാധനങ്ങൾ ഉൾപ്പെടെ വിൽക്കുന്ന കടകൾക്ക് ഉച്ചയ്ക്ക് രണ്ട് 2മണിവരെ പ്രവർത്തനസമയം നീട്ടികൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാ കളക്ടർ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കാൻ തയ്യാറാകാത്തത് താലൂക്കിൽ വ്യാപക ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.