മാന്നാർ: കൊവിഡ് വ്യാപകമായതോടെ മാന്നാറിലും പരിസരപ്രദേശങ്ങളിലും രക്തദാതാക്കളെ കിട്ടാനില്ലാത്ത അവസ്ഥ. പല ആശുപത്രികളിലെയും ബ്ലഡ് ബാങ്കുകൾ കാലിയായി. മാന്നാറിന് പുറമെ മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലെ ആശുപത്രിയിലെ സ്ഥിതിയും ഏറെക്കുറെ ഇതൊക്കെത്തന്നെ. പലപ്പോഴും രോഗികൾക്ക് രക്തമെത്തിക്കാൻ ജില്ലയ്ക്ക് പുറമെനിന്നാണ് ദാതാക്കൾ എത്തുന്നത്. എന്നാൽ മിക്കയിടങ്ങളിലും കോവിഡ് വിഷയം നിലനിൽക്കുന്നതിനാൽ ബ്ലഡ് ബാങ്കിൽ നിന്നും എടുക്കാറാണ് പതിവ്. വിവിധ രാഷ്ട്രീയ - സന്നദ്ധ സംഘടനകളുടെ പേരിൽ 20 ലധികം വാട്‌സാപ് ഗ്രൂപ്പുകൾ മാന്നാറിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും പലതും ഇപ്പോൾ നിർജീവമാണ്. നേരത്തെ കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ രക്തദാനം ചെയ്യുവാൻ എത്താറുണ്ടായിരുന്നു. എന്നാൽ കോളേജുകളും പ്രവർത്തിക്കാത്ത സ്ഥിതി വന്നതോടെ ഇവരുടെ വരവും ഇല്ലാതായി. മുൻപ് നെഗറ്റീവ് ഗ്രൂപ്പുകൾക്കായിരുന്നു ക്ഷാമമെങ്കിൽ. ഇപ്പോൾ ഇരു ഗ്രൂപ്പും കിട്ടാനില്ല. രക്തം കിട്ടാത്തതിനാൽ ചെറിയ പല ഓപ്പറേഷനുകളും മാറ്റി വയ്ക്കേണ്ട അവസ്ഥയിലായി. ഗർഭിണികൾക്കായി മുൻകൂട്ടി രക്തം നൽകാമെന്ന് ഏറ്റിരുന്ന പല ദാതാക്കളും ഈ പ്രതിസന്ധി മൂലം എത്താത്തതോടെ രോഗികളും കൂട്ടിരിപ്പുകാരും ഏറെ ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ട്. നേരത്തെ ദിവസേന 8 ലധികം കേസുകൾ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്തു ഇപ്പോൾ ഒരു യൂണിറ്റ് സംഘടിപ്പിക്കാൻ പാടാണെന്നും രക്തദാനം ചെയ്യാൻ യുവതി - യുവാക്കൾ മുന്നോട്ട് വരണമെന്നും വേണൂസ് ബ്ലഡ് ഡൊണേഷൻ മാന്നാർ - ചെങ്ങന്നൂർ കോ ഓഡിനേറ്റർ വിഷ്ണു പ്രകാശ് ചെറിയനാട് പറഞ്ഞു.