ഹരിപ്പാട്: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഡ്യുട്ടിയിലുണ്ടായിരുന്ന ഹരിപ്പാട് സ്വദേശിയായ പൊലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ഇദ്ദേഹം 15ന് ഹരിപ്പാട് തലത്തോട്ട ക്ഷേത്രത്തിന് സമീപമുള്ള സ്വന്തം വീട്ടിലെത്തി. 16ന് തിരികെ പോയി. 19ന് വീണ്ടും ഹരിപ്പാട് എത്തി. 20ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ ആർ.കെ ജംഗ്ഷനിലുള്ള ടു വീലർ വർക്ക് ഷോപ്പ്, ഡാണാപ്പടിയിലെ എസ്.ബി.ഐ എ.ടി.എം, തുണിക്കട, എരിയ്ക്കകത്ത് ജംഗ്ഷനിലെ പച്ചക്കറികട എന്നിവിടങ്ങളിൽ പോയിരുന്നു. രോഗിയുടെ സമ്പർക്കം ഉണ്ടായ ഈ സ്ഥാപനങ്ങൾ ആരോഗ്യവകുപ്പ് അടപ്പിച്ചു.