ആലപ്പുഴ:മൈക്രോ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റ് സുഭാഷ് വാസുവിനെയും മുൻ സെക്രട്ടറി ബി.സുരേഷ് ബാബുവിനെയും ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി നിർദ്ദേശപ്രകാരം ഉപാധികൾക്ക് വിധേയമായി ജാമ്യത്തിൽ വിട്ടു.

ഇന്നലെ രാവിലെ 11 ഓടെ ക്രൈംബ്രാഞ്ച് ജില്ലാ ആസ്ഥാനത്ത് തുടങ്ങിയ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്ത് കാണി, ഡിറ്റക്ടീവ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യൽ വൈകിട്ട് ആറുവരെ നീണ്ടു. ഒരു ലക്ഷം രൂപയുടെ വീതം രണ്ട് ആൾ ജാമ്യത്തിലാണ് ഇരുവരെയും വിട്ടയച്ചത്. എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണം. പാസ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറണം, കോടതിയുടെയോ അന്വേഷണ ഉദ്യോഗസ്ഥന്റെയോ അനുമതി ഇല്ലാതെ വീട്ടുപരിസരം വിട്ട് പുറത്തുപോകാൻ പാടില്ല തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ.

മാവേലിക്കര യൂണിയന്റെ പേരിൽ സുഭാഷ് വാസു 12 കോടി രൂപയ്ക്ക് മേൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന യോഗം മുൻ ബോർഡ് അംഗം ദയകുമാർ ചെന്നിത്തല,ഗോപൻ ആഞ്ഞിലിപ്ര,ജയകുമാർ പാറപ്പുറം,രാജൻ ഡ്രീംസ്,ബി.സത്യപാൽ എന്നിവരുടെ പരാതിയെ തുടർന്നാണ് മാവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആർ ഇട്ട് കേസേടുത്തതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് സുഭാഷ് വാസുവിന്റെയും സുരേഷ് ബാബുവിന്റെയും വീടുകളിൽ നടത്തിയ റെയ്ഡിൽ യൂണിയൻ ഓഫീസിൽ നിന്നു കടത്തിയ മിനിട്സ് ബുക്കുകൾ, ചെക്കുകൾ, കേസിനാസ്പദമായ മറ്റ് രേഖകൾ തുടങ്ങിയവ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. രേഖകളും ചെക്കുകളും കടത്തിയത് സംബന്ധിച്ച് അന്നത്തെ യൂണിയൻ അഡ്മിനിസ്ട്രേറ്ററും ഇപ്പോഴത്തെ യൂണിയൻ കൺവീനറുമായ അഡ്വ. സിനിൽ മുണ്ടപ്പള്ളിയും പരാതി നൽകിയിരുന്നു. തുടർന്ന് ഒളിവിലായിരുന്ന ഇവർ കൊവിഡ് ഇളവുകൾ വച്ച് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവാൻ നിർദ്ദേശിച്ച കോടതി, ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്താൽ ഉപാധികൾക്ക് വിധേയമായി ജാമ്യം അനുവദിക്കാൻ ഉത്തരവിട്ടിരുന്നു. ഫണ്ട് തിരിമറി നടത്തിയിട്ടുള്ളതായി ചോദ്യ ചെയ്യലിൽ വ്യക്തമായതായും സൂചനയുണ്ട്. യൂണിയന്റെ സ്കൂളിൽ പ്യൂൺ നിയമനത്തിന് പണം വാങ്ങിയതായും മൈക്രോഫിനാൻസ് ചെക്കുകൾ തങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും ചോദ്യം ചെയ്യലിൽ സൂചന കിട്ടിയിട്ടുണ്ട്. ചില രേഖകളിലെയും ചെക്കുകളിലെയും ഒപ്പുകളുടെ ശാസ്ത്രീയ പരിശോധന കൂടി പൂർത്തിയാക്കി അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.