s

 സീസൺ നഷ്ടപ്പെട്ട് ആയുർവേദ ചികിത്സാകേന്ദ്രങ്ങൾ

ആലപ്പുഴ: കർക്കടകത്തിൽ ആളൊഴുകിയെത്തിയിരുന്ന ആയുർവേദ ചികിത്സാകേന്ദ്രങ്ങൾ ശൂന്യം. ലോക്ക് ഡൗണിൽ പൂട്ട് വീണ പല സ്ഥാപനങ്ങളും ഇനിയും തുറന്നിട്ടില്ല. മുൻകൂട്ടി ബുക്കിംഗുകൾ നടത്തി തിരക്ക് ക്രമീകരിച്ചിരുന്ന പ്രശസ്ത തിരുമ്മുകേന്ദ്രങ്ങളിൽ പോലും ആരുമെത്തുന്നില്ല.

ആയുർവേദ ആശുപത്രികൾക്ക് പുറമേ, നിരവധി റിസോർട്ടുകളിലും കർക്കടകമാസ ചികിത്സാ പാക്കേജുകൾ ഏർപ്പെടുത്തുന്ന പതിവുണ്ട്. വീടുകളിൽ തിരുമ്മു ചികിത്സ ലഭ്യമാക്കുന്ന വൈദ്യൻമാരുമുണ്ട്. വിനോദ സഞ്ചാരത്തിനെത്തുന്ന വിദേശികളും സ്വദേശികളും തിരുമ്മിനെത്തുന്ന പതിവുണ്ടായിരുന്നു. ഏഴ് മുതൽ 21 ദിവസം വരെ നീളുന്ന വ്യത്യസ്ത പാക്കേജുകളാണ് ലഭ്യമായിരുന്നത്. ആളിന്റെ ശാരീരികാവസ്ഥ, സമയ ലഭ്യത, സാമ്പത്തിക ശേഷി എന്നിവ അടിസ്ഥാനമാക്കിയാണ് പാക്കേജുകൾ തിരഞ്ഞെടുത്തിരുന്നത്. 6000 മുതൽ അൻപതിനായിരം രൂപ വരെയുള്ള പാക്കേജുകളുണ്ടായിരുന്നു. പ്രശസ്തരുൾപ്പടെ പലരും സ്ഥിരമായി തിരുമ്മു ചികിത്സയ്ക്ക് എത്തുന്ന സ്ഥാപനങ്ങൾക്ക് കർക്കടകം പ്രധാന വരുമാന കാലം കൂടിയായിരുന്നു.

കർക്കടക ചികിത്സ റിസോർട്ടുകളിലുൾപ്പെടെ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ കാലയളവിൽ തൊഴിൽ ലഭിച്ചിരുന്നവരുമുണ്ട്. പഞ്ചകർമ്മ കോഴ്സ് പാസായ യുവാക്കൾക്ക് ജോലി സാദ്ധ്യത വർദ്ധിക്കുന്ന കാലം കൂടിയായിരുന്നു കർക്കടകം. ശരീരത്തിന്റെ ഉത്തേജനമാണ് തിരുമ്മു ചികിത്സയുടെ പ്രധാന ഫലം. വിവിധ രോഗങ്ങൾക്കുള്ള ചികിത്സാവിധിയായും തിരുമ്മ് നിർദ്ദേശിക്കാറുണ്ട്. ഞവരക്കിഴി, പ്രായമായവർക്ക് പിഴിച്ചിൽ എന്നിവയാണ് കർക്കടക ചികിത്സയിലെ പ്രധാനം.

 കർക്കടക ചികിത്സ

ആയുർവേദത്തിലെ പഞ്ചകർമ്മങ്ങൾ എന്നറിയപ്പെടുന്ന ചികിത്സകളാണ് കർക്കടക ചികിത്സയെന്ന് അറിയപ്പെടുന്നത്. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ഇവയാണ് പഞ്ചകർമ ചികിത്സകൾ. ഇലക്കിഴി, അഭ്യംഗം, പിഴിച്ചിൽ, ഞവരക്കിഴി തുടങ്ങിയവ ചികിത്സയുടെ ഭാഗമാണ്. കർക്കിടകത്തിൽ ചികിത്സ ചെയ്യുന്നത് ഇരട്ടി ഫലം നൽകുമെന്നാണ് വിശ്വാസം. അതിനാൽ കൃത്യമായി എല്ലാ വർഷവും കർക്കിടക ചികിത്സ ചെയ്യുന്നവരുണ്ട്

 പാക്കേജുകൾ

6,000 മുതൽ 50,000 രൂപവരെ ചെലവ് വരുന്ന വ്യത്യസ്ത പാക്കേജുകളാണ് ആയുർവേദ കേന്ദ്രങ്ങളിൽ ലഭ്യമായിരുന്നത്. തിരുമ്മിന്റെ ചെലവ് കൂടാതെ മുറി വാടക, ഭക്ഷണം തുടങ്ങിയ ഇനങ്ങളിലും റിസോർട്ടുകൾക്കുൾപ്പെടെ മികച്ച വരുമാനം ലഭിച്ചിരുന്ന സീസണായിരുന്നു കർക്കടകം.

...........................................

സ്ഥിരമായി ചികിത്സ തേടുന്നവരും കൊവിഡ് രോഗികളുമായി സമ്പർക്കമില്ലെന്ന് ഉറപ്പുള്ളവരെയും മാത്രമേ ചികിത്സയ്ക്ക് അനുവദിക്കുന്നുള്ളൂ. രോഗപ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് കർക്കടക ചികിത്സ ഏറ്റവും ഫലപ്രദമാണ്. ഈ കാലയളവിലെ ചികിത്സ ഒരു വർഷത്തേക്ക് ഗുണം ചെയ്യും. എന്നിരുന്നാലും പരിചയമില്ലാത്ത രോഗികൾക്ക് ഇപ്പോൾ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്

ഡോ.എ.ഈസ, ശാന്തിഗിരി ആശുപത്രി