 നഗരസഭയ്ക്ക് സ്വന്തം ബ്രാൻഡിൽ അരി


ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ 14 പാടശേഖരങ്ങളിൽ ഉത്പാദിപ്പിക്കുന്ന നെല്ല് കുത്തി അരിയാക്കി 'ആലപ്പുഴ ബ്രാൻഡ്' എന്ന പേരിൽ വിപണിയിലെത്തിക്കാൻ ഇന്നലെ ചേർന്ന വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും പിന്നീട് പാടശേഖര ഭാരവാഹി സംയുക്ത യോഗവും തീരുമാനിച്ചു.

നഗരത്തിലെ 4800 കുടുംബങ്ങൾക്ക് ഈ അരി വീടുകളിലത്തിക്കാനുള്ള പദ്ധതിക്കാണ് രൂപം നൽകിയത്. ഇതിനായി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ ചെയർമാനും കൃഷി ഓഫീസർ സീതാരാമൻ കൺവീനറുമായി അഞ്ചംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. രണ്ടാം കൃഷി ഇറക്കിയ 300 ഏക്കർ വരുന്ന ഏതെങ്കിലും ഒരു പാടശേഖരത്തിലെ നെല്ല് നഗരസഭ നേരിട്ട് സംഭരിച്ച് അരിയാക്കാനാണ് തീരുമാനം. പാടശേഖരം പിന്നീട് തീരുമാനിക്കും. ആദ്യഘട്ടത്തിൽ സ്വകാര്യ മില്ലുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പച്ചനെല്ല് പുഴുങ്ങിക്കുത്തി അരി ഓരോ കിലോ വീതം പായ്ക്ക് ചെയ്ത് പുറത്തുവരുന്ന വിധത്തിലുള്ള മില്ല് ആലപ്പുഴയിൽ സ്ഥാപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഒരുകിലോ നെല്ല് കുത്തിയാൽ 650 മുതൽ 700 ഗ്രാം വരെ അരി ലഭിക്കും. ഉമിയും തവിടും വിൽക്കുന്ന തുക കർഷകർക്ക് നൽകാനാണ് തീരുമാനം. നഗരസഭ ഓഫീസ് അടുത്ത മാസം പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനാൽ താത്കാലികമായി നെല്ല് ശേഖരിക്കാൻ ഇപ്പോഴത്തെ കെട്ടിടം പ്രയോജനപ്പെടുത്താനാവും. യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ

അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, കൃഷി ഓഫീസർ സീതാരാമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജോൺ ബ്രിട്ടോ, സലിം കുമാർ എന്നിവർ സംസാരിച്ചു.

.................................

നെല്ലിന്റെ വില സംസ്ഥാന സർക്കാർ നൽകുന്നതു പോലെ കർഷകർക്ക് ബാങ്ക് അക്കൗണ്ട് വഴി നൽകാൻ ശ്രമിക്കും. നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്ക് നൽകുന്ന സബ്‌സിഡി നൽകാൻ ആവശ്യമായ സഹായം ഒരുക്കും

ബഷീർ കോയാപറമ്പിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ