karuna-house

മാന്നാർ: വർഷങ്ങളായി മഴക്കാലത്ത് ചോർന്നൊലിച്ച് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഷെഡിൽ താമസിച്ചിരുന്ന ആറംഗ കുടുംബത്തിന് വീടൊരുങ്ങുന്നു. മാന്നാർ പാവുക്കര പുത്തൻചിറ പടീറ്റേതിൽ കുഞ്ഞമ്മയ്ക്കും കുടുംബത്തിനുമാണ് സജി ചെറിയാൻ എം.എൽ.എ ചെയർമാനായ കരുണ പെയിൻ ആൻഡ് പാലിയേറ്റി​വ്, മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ അംഗം കെ.എ. കരീം ചെയർമാനായുള്ള ചോരാത്ത വീട് പദ്ധതിയും ചേർന്ന് വീട് നിർമ്മിച്ച് നൽകുന്നത്. ഇവർക്ക് ആകെയുള്ള മൂന്ന് സെന്റ് സ്ഥലത്ത് ഒന്നര വർഷം മുമ്പ് അടിത്തറ കെട്ടിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടർന്ന് പണിയാൻ കഴിഞ്ഞില്ല. കൂലിപ്പണിക്കാരനായ മരുമകന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ മകളുടെയും അദ്ധ്വാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. നിർമ്മാണോദ്ഘാടനവും കട്ടള വയ്പ് കർമ്മവും സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. പ്രൊഫ. പി.ഡി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ.കരീം കരുണ പാലിയേറ്റീവ് സെക്രട്ടറി എൻ.ആർ.സോമൻ പിള്ള, കെ.എം. അശോകൻ, റോയി പുത്തൻപുരയ്ക്കൽ, എൻ.പി. ദിവാകരൻ, ടൈറ്റസ് പി.കുര്യൻ, ലില്ലി അലക്സ്, ബഷീർ പാലക്കീഴിൽ, ടി​.ജി.മനോജ്, സജി എബ്രഹാം, കെ.പി. ഗോപി, ഗോപാലൻ എന്നിവർ സംസാരി​ച്ചു.