ആലപ്പുഴ: സമ്പർക്കത്തിലൂടെയുള്ള രോഗികൾ വർദ്ധിച്ചതോടെ ആലപ്പുഴ നഗരം ആശങ്കയിൽ. അഞ്ച് വാർഡുകൾ കണ്ടെയിൻമെന്റ് സോണായതോടെ നഗരത്തിന് മൊത്തത്തിൽ പൂട്ടു വീഴാനുള്ള സാദ്ധ്യതയുമേറി.

ഇന്നലെ കൊമ്മാടി വാർഡിൽ ഒരു വീട്ടിലെ അഞ്ചു പേർക്കും സമീപത്തെ ഒരാൾക്കും കൊവിഡ് പോസിറ്റീവായി. പാലസ് വാർഡിൽ ഒരു വീട്ടിലെ അഞ്ച് പേരും കൊവിഡ് പൊസിറ്റീവായി. ഇതോടെ നഗരപരിധിയിൽ 13 പേർക്ക് ഒറ്റദിവസം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതുവരെ നഗരത്തിൽ 16 പേരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുണ്ട്.

ഇദ്ദേഹം കഴിഞ്ഞ ആഴ്ചവരെ ജോലിക്ക് പോയിരുന്നു. റൂട്ട് മാപ്പ് തയ്യാറാക്കുകയാണ്. സ്റ്റേഷനിലെ 15 ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കി.അടിയന്തിര സാഹചര്യം പരിഗണിച്ച് ഇന്നലെ രാത്രി തന്നെ സൗത്ത് പൊലീസ് സ്റ്റേഷൻ നഗരസഭയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. അടുത്ത ദിവസങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി റാപിഡ് ടെസ്റ്റും നടത്തും.

പാലസ് വാർഡിൽ കഴിഞ്ഞ ദിവസം പോസിറ്റീവായ വ്യാപാരിയുടെ മകന് പിന്നാലെ ബന്ധുകൾക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ കൊച്ചുകുട്ടികൾ വരെയുണ്ട്. കുട്ടികൾ ഉള്ളതിനാൽ ഇവരുടെ അമ്മമാരെ ഉൾപ്പെടെയാണ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. നഗരത്തിലെ ഗുരുതര സാഹചര്യം പരിഗണിച്ച് കൊമ്മാടി വാർഡും പാലസ് വാർഡും നഗരസഭ അണുവിമുക്തമാക്കി. നഗരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും ഉച്ചഭാഷിണിയിലൂടെ ബോധവത്കരണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ.റസാഖ്, കെ.കെ.മനോജ്, കൗൺസിലർമാരായ കെ.ജെ.പ്രവീൺ,സി.വി.മനോജ്കുമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.