t

 ബോട്ടുകളിൽ യാത്രക്കാർ കുറവ്

ആലപ്പുഴ: ജലഗതാഗതവകുപ്പിന്റെ കണക്കുപുസ്തകത്തിലേക്ക് ദിവസേന ഒഴുകിയെത്തുന്നത് നഷ്ടക്കണക്കുകൾ മാത്രം. കണ്ടെയ്ൻമെന്റ് സോണുകളായ പാണാവള്ളി, വൈക്കം, മുഹമ്മ, ചങ്ങനാശേരി സ്റ്റേഷനുകളിൽ സർവീസ് നിറുത്തിവെച്ചിരിക്കുകയാണ്.

ആലപ്പുഴയിൽ നിന്ന് ദിനംപ്രതി അഞ്ച് സർവീസുകളുണ്ടെങ്കിലും ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. ആളുകുറവുള്ള സമയങ്ങളിലെ സർവീസുകൾ വെട്ടിച്ചുരുക്കി. ഉദ്യോഗസ്ഥർ പ്രധാനമായും ആശ്രയിക്കുന്ന രാവിലത്തെയും വൈകിട്ടത്തെയും സർവീസുകൾക്കാണ് മാറ്റമില്ലാത്തത്. പുലർച്ചെയും ഉച്ചയ്ക്കും ഉണ്ടായിരുന്ന സർവീസുകൾ തത്കാലം ഒഴിവാക്കി. ഓരോ സർവീസിന് ശേഷവും ബോട്ട് അണുവിമുക്തമാക്കാൻ സ്പ്രേയറും ലായനിയും ബോട്ടുകളിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ നിന്ന് ലഭിച്ച അണുനശീകരണ ലായനിയാണ് ബോട്ടുകളിലുള്ളത്. രണ്ടായിരം രൂപയുടെ സ്പ്രേയർ വകുപ്പ് തന്നെ വാങ്ങി.

ലോക്ക് ഡൗണിന് ശേഷം ആദ്യനാളുകളിൽ യാത്രക്കാർ എത്തിയിരുന്നെങ്കിലും രോഗവ്യാപനം വർദ്ധിച്ചതോടെ സ്ഥിതിമാറി. സ്വകാര്യ വാഹനങ്ങളെയും റോഡ് മാർഗത്തെയും ആശ്രയിക്കാൻ സാധിക്കാത്തവർ മാത്രമാണ് ബോട്ടിൽ കയറാനെത്തുന്നത്. ലോക്ക് ഡൗൺ ഇളവിൽ ആരംഭിച്ച സർവീസിന് നിരക്ക് വർദ്ധിപ്പിച്ചിരുന്നങ്കിലും പിന്നീട് മിനിമം ചാർജ് എട്ട് രൂപയെന്ന പഴയ നിരക്കിലേക്ക് തിരിച്ചെത്തി. ഡീസൽ വിലയും ശമ്പളവും കണക്കിലെടുക്കുമ്പോൾ വലിയ നഷ്ടത്തിലാണ് പ്രതിദിന സർവീസുകൾ.

..............................

സർവീസുകൾ വിലയിരുത്തിയ ശേഷം, തീരെ യാത്രക്കാരില്ലാത്തവ വെട്ടിച്ചുരുക്കുകയായിരുന്നു. ബോട്ടുകളിൽ അണുനശീകരണത്തിന് വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജീവനക്കാർക്ക് വേണ്ട ഫെയ്സ് ഷീൽഡ്, മാസ്ക്, ഗ്ലൗസ് എന്നിവ നൽകുന്നുണ്ട്. -

(ഷാജി വി.നായർ, ജലഗതാഗതവകുപ്പ് ഡയറക്ടർ)

....................

ബോട്ടിലെ സ്ഥിരം ജീവനക്കാർ: ബോട്ട് മാസ്റ്റർ, സ്രാങ്ക്, എൻജിൻ ‌ഡ്രൈവർ, രണ്ട് ലാസ്കർമാർ