മദ്യശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇന്നലെ വൻ തിരക്ക്
ആലപ്പുഴ: നഗരപരിധിയിൽ കൂടുതൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കുകയും സമ്പൂർണ്ണ ലോക്ക്ഡൗൺ ഭീതി ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ കരുതൽ ശേഖരത്തിനായി ജനം പുറത്തിറങ്ങിയത് വൻ തിരക്ക് സൃഷ്ടിച്ചു.
പലചരക്കുകളും പച്ചക്കറികളും വാങ്ങാൻ രാവിലേമുതൽ കടകളിലേക്ക് ജനമൊഴുകി. കൂടുതൽ തിരക്കനുഭവപ്പെട്ടത് നഗരത്തിലെ മദ്യശാലകൾക്കു മുന്നിലാണ്. രാവിലേ മുതൽ കണ്ണിമുറിയാത്ത നിലയിൽ വിദേശമദ്യ വില്പന ശാലകൾക്കും ബാറുകൾക്കും മുന്നിൽ പ്രത്യക്ഷമായിരുന്നു. ജില്ലാക്കോടതി പാലത്തിനു സമീപത്തെ കൺസ്യൂമർഫെഡ് മദ്യവില്പന ശാല അധികൃതർ പൊലീസിനെ വിളിച്ചാണ് തിരക്ക് നിയന്ത്രിച്ചത്.
സാമൂഹിക വ്യാപനം വർദ്ധിച്ച പശ്ചാത്തലത്തിൽ തിരക്കിന് നേരിയ ശമനം നേരിട്ടിരുന്നെങ്കിലും ഇന്നലത്തെ കാഴ്ചകൾ വ്യത്യസ്തമായിരുന്നു. വടക്കൻ മേഖലയിലെ കണ്ടെയ്ൻമെന്റ് സോണുകളിലുള്ള ബാറുകളും മദ്യവില്പന ശാലകളും അടച്ചതാണ് നഗരത്തിലെ ഔട്ട്ലെറ്റുകൾക്കു മുന്നിൽ തിരക്ക് വർദ്ധിക്കാൻ കാരണമായത്. നിയന്ത്രിത മേഖലയിൽ നിന്നുള്ള ആളുകൾ വരെ ക്യൂ നിൽക്കാനെത്തി. ബെവ് ക്യു ആപ്പില്ലാതെയും മദ്യം വിതരണം ചെയ്തതാണ് തിരക്കിന് ഇടയാക്കിയ മറ്റൊരു കാരണം.
കൊവിഡ് രോഗി എത്തിയതിനെത്തുടർന്ന് അടച്ചിട്ട പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനം വീണ്ടും തുറന്നതോടെ അവിടെയും തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. അടുക്കള വിഭവങ്ങൾ വാങ്ങാനായി കൂടുതൽപേരിറങ്ങിയതോടെ നഗരത്തിലെ ആട്ടോറിക്ഷകൾക്കും പതിവിൽ കൂടുതൽ ഓട്ടം കിട്ടിയ ദിനമായിരുന്നു ഇന്നലെ.