കലാകാരന്മാർക്കും ഓഫീസ് ജീവനക്കാർക്കും വരുമാനമാർഗം
ആലപ്പുഴ: കേരളത്തിലെ വിപ്ളവ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് ഊർജ്ജം നൽകിയ കായംകുളം കെ.പി.എ.സിയിൽ, കൊവിഡിന്റെ തുടക്കത്തിൽ താഴ്ന്ന ആ ചുവന്ന തിരശീലയ്ക്ക് മുന്നിൽ സജീവമായിരിക്കുകയാണ് കലാകാരൻമാരും ജീവനക്കാരും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി (മാസ്ക്) നിർമ്മിച്ച്, കുറഞ്ഞവിലയിൽ വിതരണം ചെയ്താണ് സമിതിയുടെ നേതൃത്വത്തിൽ ഇവർക്കൊരു വരുമാന വഴി തുറന്നത്.
കെ.പി.എ.സി ആഡിറ്രോറിയത്തിൽ 13 തയ്യൽ മെഷീനുകളിലാണ് മാസ്കുകൾ തയ്ക്കുന്നത്. കലാകാരന്മാരെ കൂടാതെ പുറത്തുള്ള ചിലരും സഹകരിക്കുന്നുണ്ട്. 14,000 ത്തോളം രൂപ വരുന്ന മൂന്ന് തയ്യൽ മെഷീനുകൾ സ്വന്തം ഫണ്ടുപയോഗിച്ച് വാങ്ങി. കെ.പി.എ.സിയോട് അടുപ്പമുള്ള നാടകപ്രേമികൾ വീടുകളിൽ പ്രവർത്തിക്കാതെ ഇരിക്കുന്ന മെഷീനുകൾ തത്കാലത്തേക്ക് നൽകി.ഏഴു മുതൽ 25 രൂപ വരെയുള്ള വ്യത്യസ്തങ്ങളായ 1200 ഓളം മാസ്കുകൾ പ്രതിദിനം തയ്ക്കുന്നുണ്ട്. മൊത്ത വ്യാപാരികളിൽ നിന്ന് തുണിയും മറ്റ് സാമഗ്രികളും ഒന്നിച്ചു വാങ്ങും. 7 രൂപയുടെ മാസ്കിൽ നിന്ന് ഒരു രൂപയും 25ന്റേതിൽ നിന്ന് 10 രൂപയും കെ.പി.എ.സി ക്ക് വരുമാനമായി കിട്ടും.
പത്തിയൂർ പഞ്ചായത്ത് 50,000 മാസ്കിന് ഓർഡർ നൽകിയിട്ടുണ്ട്. വിവിധ തരത്തിലുള്ള ഏഴു മാസ്കുകൾ വീതം ഉൾക്കൊള്ളുന്ന ഒരു പായ്ക്കറ്റ് 100 രൂപ വിലയിൽവാങ്ങി വിതരണം ചെയ്യാമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ഏറ്റു. ഒരു ലക്ഷം മാസ്കുകൾ അവർ വിൽക്കും.
നാടക വരുമാനം നിലച്ചു
കെ.പി.എ.സി യുടെ രണ്ട് ട്രൂപ്പുകൾ ചേർന്ന് വർഷം 300 ൽ കുറയാത്ത നാടകങ്ങൾ കളിക്കാറുണ്ട്.മഹാകവി കാളിദാസൻ, മുടിയനായ പുത്രൻ, മരത്തൻ 1892 എന്നീ നാടകങ്ങളാണ് അവതരിപ്പിച്ചു വന്നത്. 2018ലും 19ലും പ്രളയം, ഈ വർഷം കൊവിഡ്. മൂന്ന് സീസണുകളും നഷ്ടമായതോടെ സമിതിയിലെ 40 ഓളം കലാകാരന്മാരും ഓഫീസ് ജീവനക്കാരും കടുത്ത പ്രതിസന്ധിയിലായി. മറ്റുതൊഴിലുകൾക്ക് പോകാനുമാവുന്നില്ല. ഓണക്കാലമടുത്തതോടെ പ്രവർത്തകരെ എങ്ങനെ സഹായിക്കും എന്ന ചിന്തയാണ് ഇതിലേക്ക് നയിച്ചത്.
....................................
മൂന്ന് നാടക സീസൺ നഷ്ടപ്പെട്ടു.കെ.പി.എ.സി സ്കൂൾ ഒഫ് ആർട്സിൽ പല വിഭാഗങ്ങളിലായി 600 ഓളം കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും ക്ളാസുകൾ നടക്കുന്നില്ല.കെ.പി.എ.സി പോലൊരു പ്രസ്ഥാനത്തിന്റെ വാതിലുകൾ സ്ഥിരമായി അടച്ചിടാനുമാവില്ല. ഒരു താത്കാലിക പോംവഴി എന്ന നിലയ്ക്കാണ് മാസ്ക് നിർമ്മാണം
അഡ്വ.ഷാജഹാൻ,സെക്രട്ടറി, കെ.പി.എ.സി