റിട്ട. സൈനികന്റെ കൊവിഡ് ചിത്രങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം
ആലപ്പുഴ:രാജ്യാതിർത്തിയിൽ കാവൽ നിൽക്കുമ്പോൾ മോഹനന്റെ കൈയിൽ തോക്കുണ്ടായിരുന്നു. ഇപ്പോൾ കൊവിഡ് ആക്രമണം ചെറുക്കാൻ മുൻ സൈനികനായ മോഹനൻ (51) കൈയിലെടുത്തത് ബ്രഷും വർണ്ണങ്ങളും. കൊവിഡ് പ്രതിരോധത്തിന്റെ സന്ദേശങ്ങളും മാസ്കിന്റെ ആവശ്യകതകളും ചിത്രങ്ങളായപ്പോൾ ലഭിച്ചത് അന്താരാഷ്ട്ര അംഗീകാരം.
തായ്ലാൻഡും ഇന്ത്യയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പോസിറ്റീവ് എനർജി ആർട്ട് കൊവിഡിനെ ആസ്പദമാക്കി സംഘടിപ്പിച്ച അന്തർദേശീയ ചിത്ര പ്രദർശനത്തിലേക്ക് മോഹനന്റെ 'പ്രിവന്റീവ് കമ്യൂണിറ്രി സ്പ്രെഡ് ' എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. 26 രാജ്യങ്ങളിൽ നിന്നുള്ള സൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുള്ള പ്രദർശനത്തിൽ ഇടംപിടിച്ച മലയാളിയും മോഹനനാണ്. അവർ പ്രസിദ്ധീകരിക്കുന്ന കോഫീ ആർട്ട് ബുക്കിൽ ചിത്രം ഇടംപിടിക്കും.ജൂലായ് 31 വരെ പോസിറ്റീവ് എനർജി ആർട്ടിന്റെ സൈറ്റിൽ ചിത്രം കാണാം. 21 മുതൽ 28 വരെ നടക്കുന്ന തിങ്ക് ഡിസൈനർ ആർട്ടിന്റെ മൺസൂൺ ഇന്റർനാഷണൽ ഓൺലൈൻ ആർട്ട് എക്സിബിഷനിലും മോഹനന്റെ നാല് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.
20 വർഷത്തെ സൈനിക സേവനത്തിന് ശേഷം 2008 ൽ നാട്ടിലെത്തി.പള്ളിക്കൽ നടുവിലെമുറി അഞ്ജനം എന്ന വീട്ടിൽ മുഴുവൻ സമയ ചിത്ര രചനയിലാണിപ്പോൾ. വീടിന്റെ മുകൾ നില ആർട്ട് മ്യൂസിയമായി.ചൈനയ്ക്കെതിരായ ഇന്ത്യൻ ചെറുത്തു നില്പും കുമാരനാശാന്റെ കരുണയും ചിത്രങ്ങളായി ഭിത്തിയിലുണ്ട്. 200 ഓളം ചിത്രങ്ങളുടെ ശേഖരമാണ് ഇപ്പോഴുള്ളത്. രാഷ്ട്രപതി ഭവനിലെ ചിത്ര ശേഖരത്തിലുമുണ്ട് മോഹനന്റെ കൈയൊപ്പ് പതിഞ്ഞ ഒരു പെയിന്റിംഗ്.മലപ്പുറം പാലവെട്ടിയിൽ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സായ നാൻസിയാണ് ഭാര്യ. മകൾ പ്ളസ് ടു കഴിഞ്ഞ അഞ്ജന.
വേറിട്ട ഗുരുമുഖം
മാവേലിക്കര താലൂക്കിലെ വള്ളികുന്നം സ്വദേശിയായ മോഹനന് ചിത്രരചന സംബന്ധിയായ ബുക്കുകളാണ് ഗുരുക്കന്മാർ. ചിന്തയിലുടലെടുത്ത ആശയങ്ങളെ മനോധർമ്മത്തിന്റെ നിറക്കൂട്ടിൽ വരകളും വർണ്ണങ്ങളുമാക്കി.സൈനിക സേവനത്തിന്റെ ഇടവേളകളിൽ ചിത്രങ്ങൾ വരച്ചു കൂട്ടി. .2000ൽ മഹാരാഷ്ട്ര സർക്കാരിന്റെ ഇന്റർമീഡിയറ്റ് ഗ്രേഡ് ഡ്രായിംഗ് പരീക്ഷ പാസായി. വരകൾക്കും വർണ്ണങ്ങൾക്കും പ്രാധാന്യം നൽകി, അക്രൈലിക് പെയിന്റിംഗ് സങ്കേതമാണ് കൂടുതലായും ഉയോഗിക്കുന്നത്.
....................................
കാർഗിൽ യുദ്ധസമയത്ത് സൈനികർക്ക് ആദരവ് അർപ്പിച്ച് കോട്ടയം വൈ.എം.സി.എ ഹാളിൽ ആദ്യ ചിത്ര പ്രദർശനം
2005ൽ ആലപ്പുഴ ചടയൻമുറി ഹാളിൽ രണ്ടാമത്തെ പ്രദർശനം-ഏകത
2009ൽ എറണാകുളത്ത് ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ'സ്നേഹവും സമാധാനവും'പ്രദർശനം