ആലപ്പുഴ: ശ്രീനാരായണ ഗുരുദേവൻ നൂറ് വർഷം മുമ്പ് ലോകത്തിന് നൽകിയ സന്ദേശവും ദർശനവുമാണ് ഈകാലഘട്ടത്തിൽ മാനവരാശി ഏറ്റെടുത്തിരിക്കുന്നതെന്ന് ഗുരുധർമ പ്രചാരണസഭ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി പറഞ്ഞു. ഗുരുധർമ പ്രചാരണസഭ ഭാരവാഹികളുടെ ജില്ലയിലെ സംയുക്ത യോഗം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമേരിക്കയിൽ നിർമ്മിക്കുന്ന ആശ്രമം അടുത്ത വർഷം ഡിസംബറിൽ പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ അമേരിക്കയിലെ ആശ്രമ ബന്ധുക്കൾ നടത്തിവരുന്നു. അവരോടൊപ്പം നമ്മുടെ വിഹിതം കൂടി എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം. ഗുരുദേവ കൃതികൾ പാരായണം നടത്തി, ക്ലാസുകൾ വീഡിയോ വഴി ജനങ്ങളിൽ എത്തിക്കണം.എല്ലാവരും ഗുരു ധർമ്മത്തിൽ ഉറച്ചു നിന്ന് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുധർമ പ്രചാരണസഭ രജിസ്ട്രാർ ടി.വി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.സി അംഗം വി.കെ.ബിജു സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ.സുകുമാരൻ മാവേലിക്കര, വി.വി.ശിവപ്രസാദ്, ചന്ദ്രൻ പുളിംകുന്ന്, സതീശ് അത്തിക്കാട് എന്നിവർ സംസാരിച്ചു.