hgf

ഹരിപ്പാട്: കടലാക്രമണത്തിൽ തീരദേശ റോഡിലേക്ക് അടിച്ചുകയറിയ മണലും അവശിഷ്ടങ്ങളും
നീക്കം ചെയ്യുന്ന ജോലികൾ നാട്ടുകാർ തടഞ്ഞു. കടലേറ്റത്തിൽ തീരപാത തകർത്ത പെരുമ്പളളി ഭാഗത്താണ് പ്രദേശവാസികൾ സംഘടിച്ച് ജോലികൾ തടഞ്ഞത്.

ആറാട്ടുപുഴ പഞ്ചായത്തിനു തന്നെ ഭീഷണിയായാണ് ഇവിടെ കടൽകയറുന്നത്. അതിനാൽ കടൽഭിത്തിയും പുലിമുട്ടും പോലെയുളള ശക്തമായ കടലേറ്റ പ്രതിരോധങ്ങൾ തീർക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇന്നലെ രാവിലെ ഒൻപതു മണിയോടെ ഗതാഗതം സുഗമമാക്കാൻ മണലും മറ്റും എസ്‌കവേറ്റർ ഉപയോഗിച്ച് നീക്കിക്കൊണ്ടിരിക്കെയാണ് സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. റോഡിന്റെ ഇരുവശങ്ങളിലും തെങ്ങിൻ തടിയും കല്ലുകളും നിരത്തിവെച്ച് നാട്ടുകാർ ഉപരോധവും തീർത്തു. ഒരു മണിയോടെ കാർത്തികപ്പള്ളി തഹസീൽദാർ ഡി.സി.ദിലീപ് കുമാർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. വിഷയം കളക്ടറെ അറിയിച്ച് പരിഹാരമുണ്ടാക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഒന്നരയോടെയാണ് പ്രതിഷേധം അവസാനിച്ചത്.