മാരാരിക്കുളം:കാട്ടൂരിൽ 90 പേരുടെ കൊവിഡ് പരിശോധനയിൽ എഴു യുവാക്കൾ ഉൾപ്പെടെ 17പേർക്ക് രോഗം സ്ഥിരീകരിച്ചു.വളവനാട്ടെ സർക്കാർ മദ്യ വില്പനശാലയിൽ നിന്നു പതിവായി മദ്യം വാങ്ങുന്നവരാണ് യുവാക്കളിൽ ഭൂരിഭാഗമെന്നും സൂചനയുണ്ട്.
കാട്ടൂരിൽ ഇന്നലെ നടന്ന റാപ്പിഡ് ടെസ്റ്റിലാണ് ഇത്രയും പേരുടെ സാമ്പിളുകൾ പോസിറ്റീവായത്. എന്നാൽ സ്രവ പരിശോധനയ്ക്ക് ശേഷമേ ഔദ്യോഗികമായി പ്രഖ്യാപിക്കൂവെന്നാണ് വിവരം. ചെറിയപൊഴിക്ക് സമീപം 266 പേരുടെ സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. ഇതിന്റെ ഫലം വന്നിട്ടില്ല. ഇന്നലെ കാട്ടൂരിൽ രോഗബാധ കണ്ടെത്തിയവരിൽ ഒരാൾ കാട്ടൂർ തെക്ക് റേഷൻ കട നടത്തുകയാണ്.തത്കാലത്തേക്ക് റേഷൻകട അടച്ചിടുന്നതിന് തീരുമാനമായി. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനും ആശുപത്രിയിലെ 2 ശുചീകരണ ജോലിക്കാരും രോഗം കണ്ടെത്തിയവരിൽ ഉൾപ്പെടുന്നു.കഴിഞ്ഞ ദിവസം 10 പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്നലെ ഇത്രയും പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ തീരപ്രദേശം ഉൾപ്പെടുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് അതീവ ജാഗ്രതയിലാണ്.കൊവിഡ് ബാധിച്ച് ഒരാൾ ഇന്നലെ മരിക്കുകയും ചെയ്തിരുന്നു. മാരാരിക്കുളം തെക്കിൽ 15,19,21 വാർഡുകൾ നിലവിൽ ലോക്ക്ഡൗണിലാണ്. കൂടാതെ 16,17,18 വാർഡുകൾ കൂടി അടച്ചിടുന്നത് സജീവ പരിഗണനയിലാണ്. രോഗബാധ കണ്ടെത്തിയ വാർഡുകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മണ്ണഞ്ചേരിയിൽ 3 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ
മണ്ണഞ്ചേരി പഞ്ചായത്തിലെ 3 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.പഞ്ചായത്തിലെ 4,17,20 വാർഡുകളാണ് അടച്ചത്. ഇവിടെ രോഗം സ്ഥിരീകരിച്ചയാൾ വാർഡുകളിലെ മറ്റനേകം ആളുകളുമായി സമ്പർക്കമുണ്ടായ സാഹചര്യത്തിലാണ് നടപടി. ഇതോടെ ആപ്പൂർ, അമ്പനാകുളങ്ങര, തറമൂട് പ്രദേശത്തു കൂടിയുള്ള ഗതാഗതം നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യ സഹായത്തിനുള്ള യാത്രകൾക്കും ഇളവുണ്ടാകും. കടകൾ രാവിലെ 7 മുതൽ 2 വരെ പ്രവർത്തിക്കും. പഞ്ചായത്തിലെ 2 മത്സ്യ മൊത്തവില്പനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലെ 2 മത്സ്യമാർക്കറ്റുകളും അടച്ചിട്ടിരിക്കുകയാണ്.