ചേർത്തല:പൊലീസ് പിടികൂടിയ മദ്യം കടത്തുകാരിൽ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.പൊന്നാംവെളിയിൽ പിടിച്ച പള്ളിത്തോട് സ്വദേശിക്കും കടക്കരപ്പള്ളിയിൽ പിടികൂടിയ കടക്കരപ്പള്ളി സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇവരുടെ അറസ്​റ്റിനും തുടർ നടപടികൾക്കും നേതൃത്വം നൽകിയ പട്ടണക്കാട് സ്​റ്റേഷനിലെ എസ്.ഐ അടക്കമുള്ള 15 പൊലീസുകാരെ നിരീക്ഷണത്തിലാക്കി.

11 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ തീരവും ആശങ്കയിലാണ്.പട്ടണക്കാട് 14-ാം വാർഡിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ആറു പേർക്ക് രോഗം സ്ഥിരീകരിച്ചു.വെട്ടക്കൽ,തുറവൂർ,പളളിത്തോട് എന്നിവിടങ്ങളിലും പുതിയ കേസുകളുണ്ടായി.എഴുപുന്ന സീഫുഡ് ഫാക്ടറിയിലെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന നാലുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ രോഗം സ്ഥിരീകരിച്ച സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 3 ബന്ധുക്കൾക്കുകൂടി രോഗം സ്ഥീരീകരിച്ചു.ഇതോടെ 14,15 വാർഡുകൾ അടച്ചിടാൻ ആരോഗ്യവകുപ്പു നിർദ്ദേശം നൽകി.പളളിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം അണുവിമുക്തമാക്കി.ഇന്ന് ആശുപത്രി പ്രവർത്തനം പുനരാരംഭിക്കും.
കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയിൽ ടെക്‌നിക്കൽ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായ 14 ജീവനക്കാർക്ക് നടത്തിയ പരിശോധനയിൽ ഫലം നെഗ​റ്റീവായി.