ചേർത്തല:വസ്തുതർക്കത്തിൽ സുപ്രീംകോടതി അഭിഭാഷകൻ നൽകിയ ക്വട്ടേഷൻ പ്രകാരം അക്രമം നടത്തിയ കേസ് അട്ടിമറിക്കാൻ നീക്കം.അന്വേഷണ ഉദ്യോഗസ്ഥനായ ചേർത്തല സി.ഐ പി.ശ്രീകുമാറിനെ ചുമതലയിൽ നിന്ന് നീക്കി പകരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി വിദ്യാധരന് ചമുതല കൈമാറി ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
വസ്തു തർക്കത്തെ തുടർന്ന് മുനിസിപ്പൽ 21-ാം വാർഡ് അരീപ്പറമ്പ് കുന്നേൽവെളി സുരേഷിനെ (48) കഴിഞ്ഞ 30ന് ആക്രമിച്ച് പരിക്കേൽപ്പിച്ചതാണ് കേസ്.സംഭവവുമായി ബന്ധപ്പെട്ട് കൊലക്കേസ് പ്രതിയടക്കം നാലുപേർ പിടിയിലായിരുന്നു.ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുരേഷിന്റെ ബന്ധുവായ അഭിഭാഷകൻ ചേർത്തല തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ ബാൽഗാർഡനിൽ ബാലകൃഷ്ണപിള്ളയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.കഴിഞ്ഞ 16ന് ഇയാൾ നൽകിയ മുൻകൂർ ജാമ്യഹർജി ആലപ്പുഴ സെഷൻസ് കോടതി തള്ളിയിരുന്നു.ഇതിനിടെ പൊലീസിലെ ഉന്നതരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു.ഇതിന്റെ തുടർച്ചയായാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.ഇതിനിടെ, വാദിയായ സുരേഷ് കോടതിയെ സമീപിച്ചതിനെ തുടർന്ന് പാെലീസ് സംരക്ഷണവും അനുവദിച്ചിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനെ നീക്കിയ വിവരം അറിഞ്ഞതിനെ തുടർന്ന് വാദിഭാഗം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കേസിന്റെ അന്വേഷണം മാറ്റിയതിനെ സംബന്ധിച്ച് വാദിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് വിവരം.
ക്വട്ടേഷൻ ആക്രമണവുമായി ബന്ധപ്പെട്ട്, മൂന്നു കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് പരോളിൽ ഇറങ്ങിയ ഗുണ്ടാനേതാവുമായ തൃശൂർ നെല്ലായി വയലൂർകൈപ്പള്ളി ഭവനിൽ കഞ്ചൻ എന്നു വിളിക്കുന്ന രാഗേഷ് (43), എറണാകുളം ഞാറയ്ക്കൽ പണിക്കശ്ശേരിൽ ലെനീഷ് (33), ഞാറയ്ക്കൽ കൊച്ചുവേലിക്കകത്ത് ജോസഫ് ലിബിൻ (25),വൈപ്പിൻ ബ്ലാവേലി വീട്ടിൽ ശ്യാം (34) എന്നിവർ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.അഭിഭാഷകനായ ബാലകൃഷ്ണപിള്ള ഏർപ്പെടുത്തിയ ക്വട്ടേഷൻ പ്രകാരമാണ് അക്രമം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.അക്രമത്തിനിരയായ സുരേഷും ബാലകൃഷ്ണപിള്ളയും ബന്ധുക്കളാണ്.ഇവർ തമ്മിൽ വീട്ടിലേക്കുള്ള വഴിയുടെ പേരിൽ സിവിൽ കേസ് നിലവിലുണ്ട്. അക്രമത്തിനിടെ സുരേഷിനെ രക്ഷിക്കാൻ ശ്രമിച്ച സഹോദരി ഉമാദേവിക്കും (53) പരിക്കേറ്റിരുന്നു.